ചോദ്യം ചെയ്യലിന് ഹാജരാകണം; ബിനോയ് കോടിയേരിക്ക് മുംബൈ പൊലീസിന്‍റെ നോട്ടീസ്
കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസിൽ മുംബൈയിൽ നിന്നുള്ള പൊലീസ് സംഘം ബിനോയിയ്‍ക്ക് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചു കൊണ്ടാണ് നോട്ടീസ്. തലശ്ശേരി തിരുവങ്ങാട്ടെ വീട്ടിൽ എത്തിയാണ് മുംബൈ പൊലീസ് ബിനോയിയ്‍ക്ക് നോട്ടീസ് നൽകിയത്. ബിനോയിയെ നേരിൽ കാണാൻ മുംബൈ പൊലീസിനായില്ല. ബിനോയിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നലെ കണ്ണൂരിലെത്തിയ മുംബൈ പൊലീസ് സംഘം എസ്.പിയുമായി ചർച്ച ചെയ്ത് വിവരങ്ങൾ ശേഖരിച്ചു. മുംബൈ ഓഷിവാര പൊലീസ് േസ്റ്റഷനിൽ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്.
അതേസമയം, യുവതിക്കെതിരെ ബിനോയ് നൽകിയ പരാതിയിൽ ഇപ്പോഴും കണ്ണൂർ റേഞ്ച് ഐ.ജി തുടർനടപടി എടുത്തിട്ടില്ല. മുംബൈയിൽ നടന്ന സംഭവങ്ങളിൽ കേരളത്തിൽ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്‍.പി, ഐ.ജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കേസ് വിവാദമായതോടെ നടപടികൾ തുടങ്ങാനാണ് നീക്കം. ബിനോയ്ക്ക് എതിരായ പരാതിയിൽ യുവതി നൽകിയിരുന്ന കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസം തേടിയാണ് മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തിയിരുന്നത്.

