ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ


തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്‌കാരം നിര്‍ദ്ദേശിച്ച ഡോക്ടര്‍ എം.എ ഖാദര്‍ അദ്ധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ. ഇത് നടപ്പാക്കുന്നതില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം അദ്ധ്യാപകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളാണ്  സ്റ്റേ ചെയ്തിരിക്കുന്നത്. വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയുടെ മികവ് ലക്ഷ്യമാക്കിയുള്ളതാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഈ അധ്യയന വര്‍ഷം മുതല്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കി വരുകയായിരുന്നു.

സംസ്ഥാനത്തെ പ്ലസ് ടു വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദര്‍ കമ്മീഷന്‍. ഡോ. എം.എ ഖാദർ ചെയർമാനും ജി. ജ്യോതിചൂഢൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത്. സർവ്വ ശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ എന്നിവ ലയിപ്പിച്ച് ഒന്നാക്കാനുള്ള കേന്ദ്ര സർക്കാർ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അവ നടപ്പാക്കുന്നിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനായാണ് ഖാദര്‍ കമ്മീഷന് രൂപം നല്‍കിയത്. 

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ച് ഒന്നാക്കുക എന്നതായിരുന്നു ഖാദര്‍ കമ്മീഷന്‍റെ പ്രധാനശുപാര്‍ശ. സംസ്ഥാനത്തെ ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളുടേയും നിയന്ത്രണവും ഏകോപനവും സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിക്ഷിപ്തമാക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. 

വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിന് അദ്ധ്യാപകരെ പ്രൊഫഷണലുകളാക്കി മാറ്റണമെന്നും ഇതിൻറെ ഭാഗമായി അദ്ധ്യാപക യോഗ്യതകളെല്ലാം ഉയർത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. വിദ്യാഭ്യാസ സംവിധാനത്തിലെ അടിസ്ഥാന പ്രവർത്തന ഘടകം സ്കൂളായിരിക്കും. ഒരു സ്കൂളിന് ഒരു സ്ഥാപന മേധാവി മാത്രമേ ഉണ്ടാകൂ. 

മുഴുവൻ വൊക്കേഷണൽ ഹയർ സെക്കൻഡറി   സ്കൂളുകളും സെക്കൻഡറി   സ്കൂളുകളായി മാറ്റണം. യു.പി,ഹൈസ്കൂള്‍,സ്ഥാപന മേധാവികൾ പ്രിൻസിപ്പാൾ എന്ന പേരിൽ ആയിരിക്കണം. പ്രിൻസിപ്പാൾ (സെക്കൻഡറി), പ്രിൻസിപ്പാൾ (ലോവർ  സെക്കൻഡറി), പ്രിൻസിപ്പാൾ (പ്രൈമറി), പ്രിൻസിപ്പാൾ (ലോവർ പ്രൈമറി) എന്നിങ്ങനെയായിരിക്കും പുനർനാമകരണം.... ഇവയെല്ലാമാണ് ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ മറ്റു പ്രധാന ശുപാര്‍ശകള്‍. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed