ജേക്കബ് തോമസിന്റെ സസ്പെൻഷൻ ആറ് മാസത്തേക്ക്കൂടി നീട്ടി


 

 

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്‌പെൻഷൻ ആറ് മാസത്തേക്കുകൂടി നീട്ടി. വിജിലൻ‍സ് അന്വേഷണം തുടരുന്നതിനാൽ സസ്‌പെൻഷൻ നീട്ടണമെന്ന് വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഷൻ റിവ്യു കമ്മിറ്റിയാണ് സസ്‌പെൻഷൻ നീട്ടാനുള്ള ശുപാർശ നൽകിയത്. ഇത് സർക്കാർ അംഗീകരിക്കുകയായിരുന്നു.

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജർ വാങ്ങുന്നതിൽ അഴിമതി നടത്തിയെന്ന ആരോപണത്തിലാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തുന്നത്. ആത്മകഥയായ ‘സ്രാവുകൾക്കൊപ്പം നീന്തുന്പോൾ‍‘ എന്ന പുസ്തകത്തിൽ സർക്കാരിനെ വിമർശിച്ചതിന് ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ചും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സസ്‌പെൻഷൻ കാലാവധി നീട്ടുന്നത്.

പൊതുചടങ്ങിൽ ഓഖി ബാധിതരെ സർക്കാർ അവഗണിച്ചെന്ന് പ്രസംഗിച്ചതിന്റെ പേരിൽ 2017 ഡിസംബറിലാണ് ജേക്കബ് തോമസിനെ ആദ്യമായി സസ്‌പെൻഡ് ചെയ്തത്. നിലവിൽ സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനും ജേക്കബ് തോമസാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed