പാമോയിൽ ചേർത്ത വെളിച്ചെണ്ണ വിൽപ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി
കൊച്ചി: പാമോയിലിൽ വെളിച്ചെണ്ണ ചേർത്ത് വെളിച്ചെണ്ണ എന്ന പേരിൽ വിൽപ്പനയ്ക്കെത്തിച്ച സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പൂട്ട് വീണു. 80 ശതമാനം പാമോയിലിൽ 20 ശതമാനം വെളിച്ചെണ്ണ ചേർത്ത് വിൽപന 100 ശതമാനം ശുദ്ധമായ വെളിച്ചെണ്ണ എന്ന വ്യാജേന വിൽപന നടത്തിയ മൂവാറ്റുപുഴയ്ക്കടുത്തെ പട്ടിമറ്റത്ത് പ്രവർത്തിച്ചിരുന്ന പാൻ ബിസ് എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. സാംപിൾ ലാബിൽ പരിശോധിച്ചപ്പോൾ വെളിച്ചെണ്ണ അല്ലെന്നു വ്യക്തമായതിനെ തുടർന്നായിരുന്നു നടപടി.
കൊക്കോ റോസ് ബ്ലെൻഡ് എഡിബിൾ വെജിറ്റബിൾ ഓയിലിന്റെ ഉൽപ്പാദനവും വിൽപനയും നിരോധിച്ചതായി ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. രണ്ടു തരം എണ്ണകൾ വിൽപനയ്ക്കെത്തിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ഇതിന്റെ വിൽപന. ബ്ലന്റഡ് എഡിബിൾ വെജിറ്റബിൾ ഓയിൽ എന്ന് അഞ്ച് മില്ലീമീറ്റർ വലിപ്പത്തിൽ ലേബൽ ചെയ്തു മാത്രമേ രണ്ടു തരം എണ്ണയുടെ മിശ്രിതം വിൽപ്പന നടത്താവൂ.
ലേബൽ വിവരങ്ങളില്ലാതെ ശുദ്ധമായ വെളിച്ചെണ്ണ എന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു കൊക്കോറോസ് ബ്ലന്റഡ് എഡിബിൾ വെജിറ്റബിൾ ഓയിൽ വിൽപ്പന നടത്തിയിരുന്നത്. വെളിച്ചെണ്ണയുടെ വില തന്നെയാണ് ഈടാക്കിയിരുന്നത്. ഇത് കണ്ടെത്തിയതോടെയാണ് പരിശോധനകൾ നടത്തി ഉൽ പ്പന്നത്തിന്റെ വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്.
വെളിച്ചെണ്ണയാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം കവറിൽ എഴുതുകയും പൊട്ടിച്ച തേങ്ങയുടെ ചിത്രം ലേബലിൽ വയ്ക്കുകയും ചെയ്തത് ശിക്ഷാർഹമായ കുറ്റമാണ്. മൂന്നു മാസം ജയിൽ ശിക്ഷയും രണ്ട് ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്നതുമായ കുറ്റകൃത്യമാണ് ഇതെന്നു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

