ശബരിമലയിലും പരിസരത്തും ബിസ്കറ്റിനു നിരോധനം
ശബരിമല : ശബരിമലയിലും പരിസരത്തും ബിസ്കറ്റിനു നിരോധനം. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ കടകളിൽ ബിസ്കറ്റ് വിൽക്കുന്നതു വനം വന്യജീവി വകുപ്പ് നിരോധിച്ചു. പ്ലാസ്റ്റിക് കവറുകളിലാണ് ബിസ്കറ്റ് പായ്ക് ചെയ്തു വരുന്നതെന്നും ഇതു വന്യജീവികളുടെ ജീവനു ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണു നിരോധനം. ഇതോടൊപ്പം പ്ലാസ്റ്റിക് കവറുകളിൽ പായ്ക്കു ചെയ്തുവരുന്ന ശീതളപാനിയങ്ങൾ, പേസ്റ്റ്, വെളിച്ചെണ്ണ എന്നിവയുടെ വിൽപനയും തടഞ്ഞു.
തീർഥാടകരിൽ മിക്കവാറും പേർ യാത്രയിൽ ലഘുഭക്ഷണമായി ബിസ്കറ്റാണു കഴിച്ചുവന്നത്. ബദൽ സംവിധാനങ്ങൾ ഒന്നും ഏർപ്പെടുത്താതെയാണു നിരോധനം. കടകളിൽ കുപ്പിവെളള വിൽപന ഇതുപോലെയാണു തടഞ്ഞത്. മലകയറ്റത്തിനിടെ ദാഹിച്ചു വലയുമ്പോൾ കുപ്പിവെള്ളമായിരുന്നു അയ്യപ്പന്മാരുടെ ആശ്രയം. 3 വർഷം മുൻപ് പെട്ടെന്നായിരുന്നു കുപ്പിവെള്ളം നിരോധിച്ചത്.
