നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച എട്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍


പത്തനംതിട്ട: നിലയ്ക്കലിൽ ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ച പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ പെരുനാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിലയ്ക്കലില്‍ ഇന്ന് 11.30ന് നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി.  

12.30 ഓടെയാണ് ബിജെപി സംസ്ഥാന സെക്രട്ടറി വികെ സജീവിന്‍റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം എത്തിയത്. ഇലവുങ്കലില്‍ ഇവരുടെ വാഹനം തടയുകയും പ്രതിഷേധങ്ങള്‍ പാടില്ലെന്നും നിരോധനാജ്ഞ ലംഘിക്കരുതെന്നും ശബരിമലയിലേക്ക് കടത്തിവിടാമെന്നും വ്യക്തമാക്കുന്ന നോട്ടീസ് നല്‍കിയ ശേഷം നിലക്കലേക്ക് കടത്തിവിടാമെന്നും അറിയിച്ചു.

എന്നാല്‍ നിലക്കലില്‍ നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറാകാതിരുന്ന സംഘം, നാമജപവുമായി കുത്തിയിരുന്നതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. സംഘത്തില്‍ രണ്ടുപോര്‍ പൊലീസ് നടപടിക്കിടെ രക്ഷപ്പെട്ടു. ബാക്കിയുള്ള എട്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ 82 പേര്‍ക്കും പൊലീസ് ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ രാത്രിയാണ് നടയടയ്ക്കുന്നതിന് തൊട്ടുമുമ്പ് അപ്രതീക്ഷിത പ്രതിഷേധം നടത്തിയ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായത്. പതിനെട്ടാം പടിക്ക് പരിസരത്തും വാവർ നടയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേഡിനുള്ളിൽ കടന്നും നാമജപം നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

 

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed