ശബരിമല : എല്ലാവരുടെയും സഹകരണം ആവശ്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സമാധാനപരമായ രീതിയില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലം പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുടെ യശസ് ഉയര്‍ത്താന്‍ കഴിയണമെന്നു തന്നെയാണു സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് അകത്തും പുറത്തുമുള്ള ലക്ഷക്കണക്കിനു ഭക്തജനങ്ങള്‍ ആരാധനയ്ക്കായി എത്തിച്ചേരുന്ന തീര്‍ഥാടന കേന്ദ്രമാണ് ശബരിമല. ഇവിടെ ഭക്തര്‍ക്കു സമാധാനപരമായി ദര്‍ശനം നടത്തി മടങ്ങിപ്പോകുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. അത്തരം നടപടികളുമായി എല്ലാവരും സഹകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് നിരവധി പേര്‍ എത്തിച്ചേരുന്ന തീര്‍ഥാടനകേന്ദ്രം എന്ന നിലയില്‍ ഇവിടെ ഉണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ സംസ്ഥാനത്തിന്‍റെ യശസിനു കോട്ടമുണ്ടാക്കും. തീര്‍ഥാടനകേന്ദ്രത്തിന്‍റെ കീര്‍ത്തിക്കു മങ്ങലേല്‍പ്പിക്കുന്നതിന് അത് ഇടയാക്കുമെന്ന് ഭക്തജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണു തുലാമാസ പൂജയുടെയും ചിത്തിര ആട്ടപൂജയുടെയും വേളയിലുണ്ടായത്. അതിനു നേതൃത്വം കൊടുത്തവര്‍ തന്നെ മാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കാനും അതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്താകമാനം കലാപങ്ങള്‍ സൃഷ്ടിക്കാനും ചിലര്‍ക്കു താൽപര്യമുണ്ടാകാം. അത്തരം താൽപര്യക്കാരുടെ കൈകളില്‍ കേരള ജനത ഒരിക്കലും പെട്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞു. നവമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് ജനജീവിതത്തെ അസ്വസ്ഥമാക്കുന്നതിനുള്ള ഇടപെടലുകളും ചിലരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവരുന്നുണ്ട്.
എല്ലാ വിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ സംരക്ഷിച്ച് ജീവിക്കാനുള്ള അവസരം ഉണ്ടാകേണ്ടതുണ്ട്. അതില്ലാത്തവര്‍ക്ക് അങ്ങനെ ജീവിക്കാനും അവസരം ഉണ്ടാകണം. ഈ പരസ്പര ബഹുമാനമാണ് മതനിരപേക്ഷ ജീവിതത്തിന്‍റെ അടിത്തറയായി നിലനില്‍ക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
