വിധി നടപ്പിലാക്കും; റിവ്യു ഹര്‍ജി നല്‍കില്ല-ദേവസ്വം ബോര്‍ഡ്


തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുന:പരിശോധനാ ഹര്‍ജി നല്‍കില്ല. ബുധനാഴ്ച്ച ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിനു ശേഷം പ്രസിഡന്റ് എ പദ്മകുമാറാണ്‌ ഇക്കാര്യമറിയിച്ചത്. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഇപ്പോള്‍ ബോര്‍ഡിന്റെ തീരുമാനം. റിവ്യു ഹര്‍ജി നല്‍കേണ്ടതില്ലെന്നാണ് യോഗത്തില്‍ തീരുമാനമായത്. വിധി പ്രഖ്യാപിക്കും മുമ്പേ കേസിന്റെ എല്ലാ വശങ്ങളും കോടതി പരിശോധിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ദര്‍ശനത്തിനായെത്തുന്ന വിശ്വാസികളായ സ്ത്രീകള്‍ അവിടുത്തെ ആചാരങ്ങളും സാഹചര്യങ്ങളും അറിയുന്നവര്‍ തന്നെയാണ്. അതല്ലെങ്കില്‍, അവിടെ വരുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എന്തെല്ലാമെന്നും ബോധ്യമുള്ളവരാണ്. എന്നിരുന്നാലും, നിലവിലുള്ള സാഹചര്യത്തെ മുന്‍നിര്‍ത്തി മണ്ഡലകാലം നന്നായി നടത്തുന്നതിനെ സംബന്ധിച്ചും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

നിലയ്ക്കലില്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കും. തിരക്കൊഴിവാക്കാന്‍ സന്നിധാനത്ത് ഭക്തര്‍ തങ്ങുന്നത് നിരുത്സാഹപ്പെടുത്തുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. എത്രയും പെട്ടെന്ന് സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള നലപടികള്‍ സ്വീകരിക്കുമെന്നും എ പദ്മകുമാര്‍ പറഞ്ഞു. 

സുപ്രീംകോടതി വിധിയില്‍ റിവ്യു ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രഖ്യാപനം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മുഖ്യമന്ത്രി യോഗത്തില്‍ വച്ച്‌ ശകാരിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് നിലപാടു മാറ്റി വിധി നടപ്പിലാക്കുമെന്ന് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

You might also like

Most Viewed