പത്തനംതിട്ട ജില്ലയിൽ ഡങ്കി പനി വ്യാപിക്കുന്നു
പത്തനംതിട്ട : ജില്ലയിൽ ഡങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. സാധാരണ മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ കണ്ടുവരുന്ന ഡങ്കിപ്പനി ഇത്തവണ നേരത്തെ എത്തിയത് ആരോഗ്യവകുപ്പ് അധികൃതരെ ആശങ്കയിലാഴത്തി. ഈ വർഷം ഇതുവരെ 49 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സ തേടി. കഴിഞ്ഞ വർഷം ഏപ്രിൽ വരെയുള്ള മാസങ്ങളിൽ 19 ഡങ്കി കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തവണ 49 പേർ ആശുപത്രികളിൽ ചികിത്സ തേടി. വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ചകളിൽ ഓഫീസ് പരിസരങ്ങളിലും ഞായറാഴ്ചകളിൽ വീട് പരിസരങ്ങളിലും നടത്തി വന്നിരുന്ന ഡ്രൈഡേ ആചരണം നിലച്ചത് കൂത്താടികൾ വളരാൻ കാരണമായതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ.എ.എൽ.ഷീജ പറഞ്ഞു.
തോട്ടം മേഖലയിലും കൂത്താടികൾ വലിയ തോതിൽ വളരുന്നതായി പരിശോധനയിൽ കണ്ടു. മന്ത് രോഗവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ വർഷം 63 പേരിൽ മന്ത് രോഗം കണ്ടു. കഴിഞ്ഞ വർഷം 145 പേർക്കായിരുന്നു മന്ത് രോഗം. ഇതര സംസ്ഥാന തൊഴിലാളികളിലാണ് രോഗം കണ്ടതെന്നും അവർ പറഞ്ഞു. 2020ഓടെ മലന്പനി നിവാരണം ചെയ്യാൻ വകുപ്പ് ശ്രമം തുടങ്ങിയതായും ഡി.എം.ഒ പറഞ്ഞു. ജില്ലയിൽ മലന്പനി റിപ്പോർട്ട് ചെയ്തിട്ടില്ല. 2018ൽ പത്തനംതിട്ടയെ മലന്പനി വിമുക്ത ജില്ലയായി പ്രഖ്യാപിക്കുമെന്നും അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു.

