സ്വന്തം രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിന് പിന്നിൽ സി.പി.എം : ബിന്ദുകൃഷ്ണ
കൊല്ലം : രാഷ്ട്രീയ പ്രതിയോഗികളെ ആക്രമിച്ച് കൊലപ്പെടുത്തുന്നത് കൂടാതെ ഒപ്പം നിൽക്കുന്നവരെക്കൂടി വേട്ടയാടുന്ന സമീപനമാണ് കാലങ്ങളായി കേരളത്തിൽ സി.പി.എം സ്വീകരിച്ചിരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡണ്ട് ബിന്ദുകൃഷ്ണ ആരോപിച്ചു. സി.പി.എം നേതാവായ രവീന്ദ്രൻ പിള്ളയുടെ വധശ്രമത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ വെളിച്ചത്തു കൊണ്ടുവരാൻ ക്രൈം ബ്രാഞ്ച് അന്വേഷണം നിഷ്പക്ഷമായി നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി കൊല്ലം ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് നടത്തിയ പ്രകടനവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രക്തസാക്ഷികളെ സൃഷ്ടിക്കുന്നതോടൊപ്പം വേട്ടക്കാരായും സി.പി.എം പ്രവർത്തകർ മാറുന്നുവെന്നും പോലീസിന്റെ നിസ്സംഗത നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
രവീന്ദ്രൻ പിള്ളയുടെ വധശ്രമത്തിൽ സി.പി.എം നേതൃത്വത്തിനുള്ള പങ്ക് അന്വേഷിക്കുക, കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. റെസ്റ്റ് ഹൗസിന് മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം നഗരംചുറ്റി ക്രൈം ബ്രാഞ്ച് ഓഫീസിനുമുന്നിൽ എത്തിയപ്പോൾ പോലീസ് തടഞ്ഞു. യോഗത്തിൽ ഡി.സി.സി. വൈസ് പ്രസിഡണ്ട് എസ്.വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിരവധി രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.

