പോലീസ് വേട്ടയാടുന്നുവെന്ന് അശ്വതി ജ്വാല
തിരുവനന്തപുരം : അനധികൃത പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയ്ക്കെതിരെയുള്ള പോലീസ് അന്വേഷണം വിവാദമായതോടെ തൽക്കാലം മരവിപ്പിക്കാൻ നീക്കം. കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മിഷണറുടെ സ്പെഷൽ ബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, അവസാന നിമിഷം ഇതു മാറ്റിവച്ചതായി അറിയിച്ചെന്ന് അശ്വതി പറഞ്ഞു. നോട്ടിസ് കിട്ടിയ ശേഷം ഹാജരായാൽ മതിയെന്നാണു നിർദ്ദേശം. ഇന്നലെ വൈകിട്ടു വരെ പൊലീസിൽ നിന്നു പിന്നീട് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ലഭിച്ച പരാതി വ്യാജമാണെന്നു പൊലീസിനു പോലും ബോധ്യമായെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് അശ്വതി വ്യക്തമാക്കി.
കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ അശ്വതി പണപ്പിരിവ് നടത്തിയെന്നു കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസമാണ് കോവളം സ്വദേശി അനിൽകുമാർ ഡി.ജി.പിക്ക് പരാതി നൽകിയത്. ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇത് ഐ.ജി മനോജ് ഏബ്രഹാമിന് കൈമാറുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെയും ഡി.ജി.പിക്കെതിരെയും ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് തനിക്കെതിരെ പരാതി എത്തിയതെന്ന് അശ്വതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിക്കാരന്റെ വിശദാംശങ്ങളൊന്നും പോലീസ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

