മലപ്പുറത്ത് 44 ചാക്ക് ഹാൻസ് പോലീസ് പിടികൂടി

മലപ്പുറം: തണ്ണിമത്തൻ കയറ്റിക്കൊണ്ടുവന്ന ലോറിയിൽ 44 ചാക്കുകളിലായി കൊണ്ടുവന്ന 66,600 പാക്കറ്റ് ഹാൻസ് പോലീസ് പിടികൂടി. ഇത്രയും ചാക്കിൽ ഹാൻസ് എത്തിച്ചത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുണ്ടക്കോട്, ചട്ടിപ്പറന്പ് ഭാഗത്ത് നിന്ന് വണ്ടികൾ പിടികൂടിയത്.
പോലീസ് എത്തുന്പോൾ വലിയ ലോറിയിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഹാൻസ് മാറ്റുകയായിരുന്നു. ലോറിയുടെ ഉൾഭാഗത്ത് ചാക്കിലാക്കിയ ഹാൻസും പുറമെ തണ്ണിമത്തനും വെച്ച് പോലീസിന്റെ കണ്ണുവെട്ടിച്ചാണ് സംഘം മലപ്പുറത്ത് എത്തിയത്.ലോറി ഓടിച്ചുവന്ന മൊയ്തീനും സഹായിയും പോലീസിനെ കണ്ടപ്പോൾ മൊബൈൽഫോണടക്കം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ജില്ലയിൽ പിടികൂടിയ ഏറ്റവും വലിയ ലഹരി ശേഖരമാണിത്. പ്രതികളെ ഉടൻ പിടികൂടുമെന്നും വിപണിയിൽ 23 ലക്ഷം രൂപ വിലവരുന്നതാണ് പുകയില ഉൽപ്പന്നമെന്നും സി.ഐ എ. പ്രേംജിത്ത് പറഞ്ഞു.