ശ്രീജിത്തിന്റെ കസ്റ്റഡി മരണം : മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ചെന്നിത്തല

കൊച്ചി : വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മറൈൻ ഡ്രൈവിൽ ഉപവാസം നടത്തുന്നതിനിടെയാണ് ചെന്നിത്തല ഈ ആവശ്യം ഉന്നയിച്ചത്. 24 മണിക്കൂർ ഉപവാസസമരം മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.
കേസ് സി.ബി.ഐ അന്വേഷിച്ചാൽ കൈപൊള്ളും എന്നുള്ളതുകൊണ്ടാണ് സർക്കാർ അതിന് തയ്യാറാകാത്തതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ശ്രീജിത്തിന്റെ മരണത്തിൽ ആലുവ റൂറൽ എസ്.പി ആയിരുന്ന എ.വി ജോർജിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം വിദേശ വനിത ലിഗയുടെ തിരോധാനം അന്വേഷിക്കുന്നതിൽ പോലീസി നുണ്ടായ ഗുരുതരമായ വീഴ്ചയാണ് അവരുടെ ദുരൂഹ മരണത്തിന് പിന്നിലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അവരെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ച ഭർത്താവിനോടും സഹോദരിയോടും തിരിച്ചെത്തിക്കോളു മെന്ന നിരുത്തരവാദപരമായ മറുപടിയാണ് പോലീസ് നൽകിയതെന്ന ആരോപണം ഞെട്ടിപ്പിക്കുന്നതാണ്. ദൈവത്തി ന്റെ സ്വന്തം നാട് കാണെനെത്തിയ ഒരു വിദേശവനിതയ്ക്ക് ഉണ്ടായ ഈ ദുരന്തം ലോകത്തിന് മുന്നിൽ കേരളത്തെ നാണം കെടുത്തുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭ നടക്കുന്ന സമയത്ത് ലിഗയുടെ സഹോദരി തന്നെ വന്ന് കണ്ട് സഹായം ആവശ്യപ്പെട്ടുവെന്നും ഉടൻ തന്നെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഡി.ജി.പിയെ വിളിച്ച് അന്വേഷണം ത്വരിതപ്പെടുത്തണ മെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.