എംപ്ലോയ്മെന്റിൽ രജിസ്റ്റർ ചെയ്തവരുടെ തൊഴിൽസ്ഥിതി വിവരം ശേഖരിക്കും : മന്ത്രി
എറണാകുളം : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേർ റജിസ്റ്റർ ചെയ്തവരിൽ എത്ര പേർക്ക് തൊഴിൽ ഉണ്ടെന്നും മറ്റുമുള്ള വിവരങ്ങൾ ശേഖരിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സ്കിൽ ഡവലപ്മെന്റ് സെന്ററായ എസ്പോയറിൽ പരിശീലനം പൂർത്തിയാക്കിയ 77 വിദ്യാർത്ഥികൾ സൗദിയിലേക്ക് പോകുന്നതിനുള്ള യാത്രാരേഖകൾ കൈമാറുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എംപ്ലോയ്മെന്റിൽ പേർ റജിസ്റ്റർ ചെയ്തിട്ടുള്ളത് 35 ലക്ഷം പേരാണ്. ഇവരുടെ തൊഴിൽസ്ഥിതിയെ സംബന്ധിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് ആധുനിക തൊഴിൽ കന്പോള സാധ്യതകൾ പ്രയോജനപ്പെടുത്താൻ സാധ്യമായതെല്ലാം സർക്കാർ ചെയ്യും. മലയാളികളിൽ ഭൂരിഭാഗവും സെമി സ്കിൽഡാണ്. അവരുടെ വൈദഗ്ദ്ധ്യം വികസിപ്പിക്കണം.
കേരളത്തിന് പുറത്ത് എന്തു ജോലിയും ചെയ്യാൻ കേരളീയർക്ക് മടിയില്ല. സന്നദ്ധത ഉള്ളവർക്ക് വിവിധ മേഖല കളിൽ തൊഴിൽ ലഭിക്കുന്നുണ്ട്. സ്വകാര്യ മേഖലയിലെ സാധ്യതകൾ ഉൾപ്പെടുത്തി തൊഴിൽ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
77 വിദ്യാർത്ഥികൾക്ക് ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദന കന്പനികളിലൊന്നായ സൗദി അറാംകോയുടെ പ്രോജക്ടിലാണ് ജോലി ലഭിച്ചത്. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

