അവയവദാന സംസ്കാരം വളർത്തണം : അൽഫോൻസ് കണ്ണന്താനം
കൊച്ചി : മരണാനന്തരം മറ്റുള്ളവർക്ക് അവയവങ്ങൾ ദാനം ചെയ്യുന്ന നല്ല സംസ്കാരം സമൂഹത്തിൽ വളർത്തിയെടുക്കണമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. എറണാകുളം റിനൈ മെഡിസിറ്റിമൾട്ടി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പുതിയതായി ആരംഭിച്ച ബ്ലഡ് ബാങ്ക് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മരണശേഷം ദഹിപ്പിച്ചോ, മണ്ണിൽ ലയിച്ചോ ഇല്ലാതാകുന്ന അവയവങ്ങൾ മറ്റൊരാൾക്ക് പുതിയൊരു ജീവിതം സമ്മാനിക്കുന്നത് വലിയ നന്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും സന്നദ്ധരക്തദാതാക്കൾക്ക് നിശ്ചിത ഇടവേളകളിൽ രക്തദാനം നൽകുന്നതിനു വേണ്ടിയും രൂപികരിച്ച കൂട്ടായ്മ റിനൈ ബ്ലെഡ് ഡൊണേഷൻ ഡ്രൈവിന്‍റെ ഉദ്ഘാടനവും ചടങ്ങിൽ അദ്ദേഹം നിർവ്വഹിച്ചു. റിനൈ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ കൃഷ്ണദാസ് പോളക്കുളത്ത് അദ്ധ്യക്ഷത വഹിച്ചു. റിനൈ ബ്ലഡ് ബാങ്ക്, ബ്ലെഡ് ഡൊണേഷൻ ഡ്രൈവ് എന്നിവയെക്കുറിച്ച് പത്തോളജി വിഭാഗം സീനിയർ കൺസൾട്ടന്‍റ് ഡോ. ശ്രീകല സുരേഷ് വിവരിച്ചു.
ഐ.എം.എ കൊച്ചിൻ പ്രസിഡണ്ട് ഡോ. വർഗീസ് ചെറിയാൻ, ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡണ്ട് എൻ. കെ. മോഹനദാസ്, മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത്, റിനൈ മെഡിസിറ്റി വൈസ് പ്രസിഡണ്ട് സിജോ വി.ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

