കഞ്ചാവ് ചെടികൾ വളർത്തിയ ഡോക്ടറെ അറസ്റ്റ് ചെയ്തു
പത്തനംതിട്ട : വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തിയ ഡോക്ടറെ അറസ്റ്റ് ചെയ്തു. റാന്നി വലിയപറന്പിൽപടി മുള്ളൻകഴിയിൽ ഡോ.തോമസ് മാത്യു (48) വിനെയാണ് റാന്നി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ടെറസിൽ നിന്ന് മൂന്ന് ചെടികളും പിടിച്ചെടുത്തു. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് റാന്നി എക്‌സൈസ് ഇൻസ്‌പെക്ടർ അന്‍വർ സാദത്തിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് ദിവസമായി ഡോക്ടറുടെ വീട് നിരീക്ഷിച്ചുവരുകയായിരുന്നു. കഞ്ചാവ് ചെടി തന്നെയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇന്നലെ ഡോക്ടർ വീട്ടിലുള്ള സമയം നോക്കി എക്‌സൈസ് സംഘം എത്തിയത്.
ഒരു പൂച്ചെട്ടിയിലാണ് മൂന്ന് ചെടികളും നിന്നിരുന്നത്. ഇതിലൊന്നിന് അഞ്ചടിയോളം ഉയരവും മറ്റ് രണ്ടെണ്ണത്തിന് രണ്ടരയടിയും ഒന്നരയടിയും പൊക്കമുണ്ട്. രണ്ട് നിലയുള്ള വീടിന്റെ ഒന്നാം നിലയുടെ ടെറസിലാണ് ചെടികൾ സൂക്ഷിച്ചിരുന്നത്. ഇവിടെ വലിച്ചാൽ നീങ്ങുന്നതരത്തിൽ ഷീറ്റുകൊണ്ടുള്ള മേൽക്കൂരയാണുണ്ടായിരുന്നത്. പകൽ ചെടികൾക്ക് വെളിച്ചം കിട്ടാന്‍ മേൽക്കൂര നീക്കുകയായിരുന്നു പതിവ്. ഡോക്ടറും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. റാന്നി ഇട്ടിയപ്പാറയിൽ സ്വന്തമായി ദന്തൽ ക്ലിനിക്ക് നടത്തിവരുകയായിരുന്നു തോമസ് മാത്യു. ഉദ്യോഗസ്ഥരായ ശ്രീകാന്ത്, സജിമോൻ, മുഹമ്മദാലി ജിന്ന, വിഷ്ണു, രതീഷ്, അനോഷ്, അസീസ്, ഭാഗ്യലക്ഷ്മി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

