പതിനാറുകാരിയെ പീഡിപ്പിച്ച് പ്രിൻസിപ്പൽ ഒളിവിൽ
ചണ്ഡിഗഡ് : പതിനാറുകാരിയെ പീഡിപ്പിച്ച് പ്രിൻസിപ്പൽ ഒളിവിൽ. പത്താം ക്ലാസ് പരീക്ഷയിൽ മറ്റൊരു വിദ്യാർഥിയെ പരീക്ഷ എഴുതാൻ അനുവദിക്കാമെന്ന് ഉറപ്പ് നൽകി സ്കൂൾ പ്രിൻസിപ്പൽ പതിനാറുകാരിയെ മാനഭംഗപ്പെടുത്തി.
ഹരിയാനയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഫിസിക്കൽ എഡ്യൂക്കേഷന്റെ പരീക്ഷ പ്രിൻസിപ്പലിന്റെ അനുവാദത്തോടെ പതിനാറുകാരിക്കു പകരം മറ്റൊരു വിദ്യാർത്ഥിയാണ് എഴുതിയത്. ഈ സമയം അടുത്തുള്ള വീട്ടിൽ വെച്ചു പ്രിൻസിപ്പൽ പതിനാറുകാരിയെ മാനഭംഗപ്പെടുത്തി. പരീക്ഷയ്ക്കുശേഷം പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോകാൻ പിതാവ് എത്തിയപ്പോഴാണു പീഡനവിവരം പുറത്തറിഞ്ഞത്. പിതാവിന്റെ പരാതിയിൽ പ്രിൻസിപ്പലിനും സഹായത്തിന് ഉണ്ടായിരുന്ന രണ്ടു വനിതകൾക്കുമെതിരെ പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്. പതിനാറുകാരിയെ പത്താം ക്ലാസ് പരീക്ഷയിൽ ജയിപ്പിക്കുന്നതിനായി പതിനായിരം രൂപ നൽകാൻ തയാറായിരുന്നുവെന്ന് പിതാവ് പറഞ്ഞു. പ്രിൻസിപ്പൽ പിതാവിനേയും മകളെയും സ്കൂളിലേക്കു വിളിപ്പിക്കുകയും പെൺകുട്ടിയെ പ്രിൻസിപ്പലിന്റെ ബന്ധുവീട്ടിൽ നിർത്തി പോകാൻ നിർദേശിക്കുകയും അവൾക്കു പകരം മറ്റൊരാൾ പരീക്ഷ എഴുതുമെന്ന് അറിയിക്കുകയുമായിരുന്നുവെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. പീഡന വിവരം പെൺകുട്ടി തന്നെ പിതാവിനെ അറിയിക്കുകയായിരുന്നു.

