അക്രമവും വികസനവും ഒരുമിച്ച് പോകില്ല : ഉപരാഷ്ട്രപതി
കോഴിക്കോട് : കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. രാഷ്ട്രീയ പാർട്ടികൾ പരസ്പരമുള്ള ശത്രുത ഉപേക്ഷിക്കണമെന്നും വികസനവും അക്രമവും ഒരുമിച്ച് പോവില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച കേരളത്തിലെത്തിയ ഉപരാഷ്ട്രപതി രണ്ട് പരിപാടികളിൽ പങ്കെടുക്കുന്നതിനായി കോഴിക്കോട്ടെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
കൊലപാതക രാഷ്ട്രീയം കേരളത്തിനെന്നല്ല, രാജ്യത്തിന് തന്നെ ഭൂഷണമല്ല. വ്യത്യസ്ത പ്രത്യയശാസ്ത്രത്തിന്റെ പേരിൽ പരസ്പരം പോരടിക്കുന്നതും കൊല്ലുന്നതും പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
അക്രമമല്ല, സർവലോക സമാധാനമാണ് ഇന്ത്യ ലോകത്തിന് സമ്മാനിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ അക്രമ രാഷട്രീയം ഇന്ത്യയുടെ ശോഭ കെടുത്തുകയാണ് ചെയ്യുക. പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ് ഇന്ത്യയുടെ സംസ്കാരം. രാഷ്ട്രീയ എതിരാളിയെ കായികമായി നേരിടുകയും ഉന്മൂലനം ചെയ്യുന്നതും ദുഃഖകരമാണ്. ശാരീരിക അക്രമങ്ങളിലേക്ക് നീങ്ങുന്ന ശത്രുതയല്ല രാഷ്ട്രീയമെന്നും വെങ്കയ്യ നായിഡു ഓർമിപ്പിച്ചു.

