പി.എൻ.ബി തട്ടിപ്പ് : സി.ബി.ഐ മൂന്ന് പേരെ അറസ്റ്റ് ചെയ്തു
മുംബൈ : പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ മൂന്ന് പേരെ അറസ്റ്റു ചെയ്തു. ആദ്യമായാണ് സി.ബി.ഐ കേസിൽ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ബാങ്കിന്റെ മുംബൈയിലെ കലാ ഘോടാ ബ്രാഞ്ച് മുൻ ഡെപ്യൂട്ടി മാനേജർ ഗോകുൽനാഥ് ഷെട്ടി ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ ഇന്ന് സി.ബി.ഐ പ്രത്യേക കോടതിയിൽ ഹാജരാക്കി. ഷെട്ടിക്ക് പുറമെ പി.എൻ.ബി എസ്.ഡബ്ല്യു.ഒ (സിംഗിൾ വിൻഡോ ഓപ്പറേറ്റർ) മനോജ് ഖാരാട്ട്, നീരവ് മോദി ഗ്രൂപ്പിന്റെ ഓതറൈസ്ഡ് സിഗ്നേച്ചറി ഹേമന്ത് ഭട്ട് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
അനധികൃതമായി നീരവ് മോദിയുടെ സ്ഥാപനങ്ങൾക്ക് ജാമ്യപത്രം അനുവദിച്ചത് ഇവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സി.ബി.ഐ ഇന്നലെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്.ഐ.ആറിൽ ആദ്യപ്രതികളാണ് ഇവർ. മറ്റു പ്രതികളെ കുറിച്ച് ഇവരിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് സി.ബി.ഐയുടെ പ്രതീക്ഷ.
അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീരവ് മോദിയുടെയും മെഹുൽ ചൊക്‌സിയുടെയും രാജ്യമെന്പാടുമുള്ള സ്ഥാപനങ്ങളിൽ തിരച്ചിൽ തുടരുകയാണ്. തിരച്ചിലിൽ കോടികൾ പിടിച്ചെടുത്തു. നീരവ് മോദിക്കെതിരായ പരാതികളിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് നൽകി. നോട്ട് സാധുവാക്കിയ കാലത്ത് നീരവ് മോദിയുടെ സ്ഥാപനങ്ങളിൽ നിന്ന് വൻതോതിൽ ആഭരണങ്ങൾ വാങ്ങിയവരുടെ വിവരങ്ങളും ഏജൻസികൾ പരിശോധിക്കും.
അതേസമയം നീരവ് മോദി തട്ടിപ്പ് നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്തു തന്നെയെന്ന് സി.ബി.ഐയുടെ പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യു.പി.എ കാലത്താണ് തട്ടിപ്പ് നടത്തിയതെന്ന ബി.ജെ.പി വാദത്തിനിടെയാണ് തട്ടിപ്പ് നടന്നത് 2017-−18 കാലത്താണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദ്യം ചെയ്ത പി.എൻ.ബിയിലെ നാല് ഉദ്യോഗസ്ഥരും ഇതേ കാലയളവിലാണ് ജോലി ചെയ്തിരുന്നത്. 2011 മുതൽ തട്ടിപ്പ് ആരംഭിച്ചിരുന്നുവെങ്കിൽ ബാങ്കിന് നഷ്ടമാകുമായിരുന്ന തുക 11,400 കോടിയിലും അധികമായിരുന്നേനെ എന്നാണ് വിലയിരുത്തൽ.

