മണിശങ്കർ അയ്യർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർക്കെതിരെ പാക് അനുകൂല പരാമർശത്തെ തുടർന്ന് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. ബി.ജെ.പി നേതാവ് അശോക് ചൗധരിയാണ് അയ്യർക്കെതിരെ രാജസ്ഥാനിലെ കോട്ട അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് നൽകിയത്.
പാകിസ്ഥാനിലെ കറാച്ചിയിലായിരുന്നു മണിശങ്കർ അയ്യരുടെ വിവാദ പ്രസംഗം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഷയങ്ങൾ പരിഹരിക്കാൻ ഒരേയൊരു വഴിയേയുള്ളൂ, മുടങ്ങാത്തതും മുടക്കാനാവാത്തതുമായ ചർച്ച. പാകിസ്ഥാൻ ഇത് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ അതിന് വഴങ്ങാത്തത് തന്നെ ദു:ഖിപ്പിക്കുന്നുവെന്നായിരുന്നു അയ്യരുടെ പ്രസംഗം.
അയ്യരുടെ പരാമർശം രാജ്യസ്നേഹത്തിന് ചേരാത്തതാണ്. സൈന്യത്തിന് നേരെ പാക് ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അയ്യരുടെ പ്രസ്താവനയെന്നത് ഗൗരവതരമാണെന്നാണ് കോടതിയിൽ നൽകിയ ഹർജിയിൽ അശോക് ചൗധരി പറഞ്ഞിട്ടുള്ളത്. വാദം കേൾക്കാനായി കേസ് ഈ മാസം 20ന് പരിഗണിക്കും.
നേരത്തേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധമൻ എന്നു വിശേഷിപ്പിച്ചത് അയ്യർക്കും കോൺഗ്രസിനും ഒരുപോലെ തലവേദന സൃഷ്ടിച്ചിരുന്നു.

