പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് കോടിയേരി

തിരുവനന്തപുരം : അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ തകർന്നു കൊണ്ടിരിക്കുകയാണെന്നും പ്രഖ്യാപിച്ച കാര്യങ്ങൾ ചെയ്തു തീർക്കുകയും ബഹുജനാടിത്തറ വിപുലപ്പെടുത്തുകയും ചെയ്താൽ വീണ്ടും എൽ.ഡി.എഫിന് തുടർഭരണം ലഭിക്കുമെന്നും സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ കോടിയേരി പറഞ്ഞു.
കെ.എം മാണിയും വീരേന്ദ്രകുമാറും മുന്നണി വിട്ട് പുറത്തു പോയതിന് പിന്നാലെ യു.ഡി.എഫിൽ നിന്നും പല പാർട്ടികളും മുന്നണി വിടാനൊരുങ്ങി നിൽക്കുകയാണ്. എൻ.ഡി.എ മുന്നണിക്കുള്ളിലും അഭിപ്രായഭിന്നതകൾ രൂക്ഷമാണ്. ഈ സാഹചര്യത്തിൽ എൽ.ഡി.എഫിന്റെ ബഹുജനാടിത്തറ വർദ്ധിപ്പിച്ച് സർക്കാർ നയങ്ങൾ കൃത്യമായി നടപ്പിലാക്കിയാൽ എൽ.ഡി.എഫ് വീണ്ടും കേരളത്തിൽ അധികാരത്തിലെത്തുമെന്നാണ് കോടിയേരി പ്രസംഗത്തിൽ പറഞ്ഞത്.
ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തണമെന്ന് രാഷ്ട്രപതി ഉന്നയിക്കുന്ന ആവശ്യത്തിന് പിന്നിൽ ആർ.എസ്.എസ് അജണ്ടയാണ്. പ്രസിഡൻഷ്യൽ രീതി മാറ്റി പാർലമെന്ററി ജനാധിപത്യ രീതി കൊണ്ടു വരാനുള്ള ശ്രമം ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു.
ജില്ലയിലെ 19 ഏരിയാ കമ്മിറ്റികളിൽ നിന്നായി 405 പ്രതിനിധികളാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോട്ടിൻ മേൽ നാളെ വൈകീട്ട് വരെ പൊതു ചർച്ച നടക്കും. ഓഖി ദുരന്തം നേരിടുന്നതിൽ സർക്കാരിനുണ്ടായ പോരായ്മകൾ, വട്ടിയൂർകാവിൽ പാർട്ടി സ്ഥാനാർത്ഥിയായിരുന്ന ടി.എൻ സീമയുടെ പരാജയം, ജില്ലയിൽ ബി.ജെ.പിക്കുണ്ടായ വളർച്ച തുടങ്ങിയ കാര്യങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.
ലോ അക്കാദമി വിഷയത്തിലടക്കമുള്ള സി.പി.ഐയുടെ നിലപാടുകൾക്കെതിരെയും അക്രമസംഭവങ്ങൾ നേരിടുന്നതിൽ പോലീസിന്റെ വീഴ്ചകളിലും വിമർശനങ്ങളുണ്ടായേക്കും. കോൺഗ്രസ് ബന്ധത്തെ ചൊല്ലി കേന്ദ്രകമ്മിറ്റിയിലുണ്ടായ അഭിപ്രായ ഭിന്നതകളിലും ബിനോയ് കോടിയേരിക്കെതിരായി ഉയർന്ന സാന്പത്തികാരോപണത്തിലും പ്രതിനിധികൾ അഭിപ്രായങ്ങൾ പ്രകടിപ്പിക്കും.