ക്വാ­റി ­: അധി­കാ­രം ജി­ല്ലാ­സമി­തി­ക്കെന്ന് ഹൈ­ക്കോ­ടതി


കൊച്ചി : ക്വാറിക്ക് പരിസ്ഥിതി അനുമതി നൽ‍കാനുള്ള അധികാരം ജില്ലാസമിതിക്ക് കൈമാറിയശേഷം സംസ്ഥാനസമിതി നൽ‍കിയ അനുമതി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എറണാകുളം ജില്ലയിലെ പാറക്കടവിലെ ക്വാറിയുടെ അനുമതി ചോദ്യം ചെയ്ത് കറുകുറ്റി പരിസ്ഥിതിസംരക്ഷണ ജനകീയസമിതി സമർ‍പ്പിച്ച ഹർ‍ജിയിലാണ് ഈ ഉത്തരവ്.

സംസ്ഥാന വിദഗ്ധവിലയിരുത്തൽ‍കമ്മിറ്റി 2016 ഓഗസ്റ്റ് 11−ന് നൽ‍കിയ പരിസ്ഥിതി അനുമതിയുടെയും അതിന്റെഅടിസ്ഥാനത്തിലുള്ള മറ്റുരേഖകളുടെയും അടിസ്ഥാനത്തിൽ‍ ക്വാറി പ്രവർ‍ത്തിക്കുന്നതു തടയണമെന്നാണ് ഹർ‍ജിക്കാർ‍ ആവശ്യപ്പെട്ടത്. അങ്കമാലി പുളിയനം കെ.എം ജോയിയുടെ ഉടമസ്ഥതയിലുള്ള ജെ.ബി.ഗ്രാനൈറ്റ്‌സിന്റെ ക്വാറിയുടെ പ്രവർ‍ത്തനത്തെയാണ് ഹർ‍ജിക്കാർ‍ ചോദ്യം ചെയ്തത്. പരിസ്ഥിതി അനുമതി നൽ‍കാനുള്ള അധികാരം 2016 മാർ‍ച്ച് 15−നാണ് സംസ്ഥാന സമിതിയിൽ‍നിന്ന് ജില്ലാതലസമിതിക്ക് കൈമാറിയതെന്ന് ഹർ‍ജിക്കാർ‍ വ്യക്തമാക്കി. അതോടെ സംസ്ഥാന പരിസ്ഥിതി വിലയിരുത്തൽ‍ സമിതിക്ക് അധികാരം ഇല്ലാതായെന്നാണ് വാദം. 2016ൽ സംസ്ഥാന സമിതി നൽ‍കിയ പരിസ്ഥിതി അനുമതിക്ക് സാധുതയില്ലെന്ന വാദമാണ് കോടതി അംഗീകരിച്ചത്. ജില്ലാസമിതി നിലവിൽ‍ വരും വരെ സംസ്ഥാനസമിതിയുടെ അധികാരം തുടരുമെന്ന ക്വാറി ഉടമയുടെ വാദം കേസിലെ രേഖകൾ‍ പരിശോധിച്ച കോടതി അംഗീകരിച്ചില്ല. ക്വാറി ഉടമയ്ക്ക് ഉചിതമായ അധികാരിയെ സമീപിച്ച് നിയമാനുസൃതം പരിസ്ഥിതി അനുമതിക്ക് അപേക്ഷിക്കാവുന്നതാണെന്ന് ഹർ‍ജി തീർ‍പ്പാക്കിക്കൊണ്ട് സിംഗിൾ‍ ബെഞ്ച് വ്യക്തമാക്കി. 

പറക്കടവ് മാന്പ്ര പ്രദേശത്ത് എത്രത്തോളം ഖനനം ആകാമെന്നതുൾ‍പ്പെടെ പഠിച്ചശേഷമേ ക്വാറിക്ക് അനുമതിനൽകാവൂ എന്ന് ഹർ‍ജിക്കാർ‍ ബോധിപ്പിച്ചു. നേരത്തേ അവിടെ അഞ്ഞൂറുമീറ്റർ‍ ചുറ്റളവിൽ‍ എട്ട് ക്വാറികൾ‍ ഉണ്ടായിരുന്നുവെന്നും മറ്റൊരു ഹർ‍ജിയിൽ‍ ഡിവിഷൻ‍ ബെഞ്ച് അവയിൽ‍ ഏഴെണ്ണത്തിന്റെ പ്രവർ‍ത്തനം വിലക്കിയിട്ടുണ്ടെന്നും ഹർ‍ജിക്കാർ‍ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed