വില്ല്വാദ്രിനാഥ ക്ഷേത്രത്തിലെ അഗ്നിബാധ : നഷ്ടം രണ്ട് കോടി
തിരുവില്ല്വാമല : തിരുവില്ല്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ ചൊവ്വാഴ്ചയുണ്ടായ അഗ്നിബാധയിൽ ഏകദേശം രണ്ട് കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ദേവസ്വം അധികൃതരുടെ നേതൃത്വത്തിൽ വിശദമായി പരിശോധിച്ച് വരികയാണ്. ചൊവ്വാഴ്ച ക്ഷേത്രത്തിൽ വഴിപാടായി ചുറ്റുവിളക്ക് നടത്തിയിരുന്നു. കാഴ്ചശീവേലിയും നടന്നു. തുടർന്നാണ് അന്പലത്തിന്റെ വടക്കുഭാഗത്ത് സെക്യൂരിറ്റി ജീവനക്കാർ തീകണ്ടത്. തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ആളിപ്പടർന്നത് സ്ഥിതിഗതികൾ വഷളാക്കി. പിന്നീട് കിഴക്ക് ഭാഗത്തേക്കുകൂടി വ്യാപിച്ചു. രാത്രി 8.30 ഓടെയാണ് കത്തിപ്പിടിക്കാൻ തുടങ്ങിയത്. ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാൽ വെള്ളം കോരിക്കൊണ്ടുപോകാനും ഒഴിക്കാനും നാട്ടുകാരും ക്ഷേത്രം ജീവനക്കാരും ഏറെ ബുദ്ധിമുട്ടി. ഷൊർണൂർ,ആലത്തൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ നിന്നും അഗ്നിശമനസേനയെത്തി.
ഇന്നലെ രാവിലെ മന്ത്രി വി.എസ് സുനിൽകുമാറും സംഘവും സന്ദർശനം നടത്തി. ദേവസ്വം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വേണ്ട നടപടിക സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ദേവസ്വം വകുപ്പുമായി കൂടിയാലോചനാ യോഗം സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അട്ടിമറി ശ്രമം വല്ലതുമുണ്ടോയെന്ന് അറിയുന്നതിന് ഫോറൻസിക് വിദഗ്ധർ സാന്പിളുകൾ ശേഖരിച്ചു. ഷോർട്ട് സർക്യൂട്ടാകാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിബാധയെത്തുടർന്ന് ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് തടസ്സം നേരിട്ടു. ചുറ്റന്പലത്തിന് സമീപത്തുള്ള വഴിപാട് കൗണ്ടറിനും കേടുപാടുപറ്റിയിട്ടുണ്ട്. വൈദ്യുതി വിതരണത്തിനും വെള്ള വിതരണത്തിനും തടസ്സം നേരിട്ടു. നാളെയോടെയേ വഴിപാടുകളുൾപ്പെടെ നടത്താനാവൂ. ദർശനത്തിന് തടസ്സമില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. റൂറൽ എസ്പി ജി എച്ച് യതീഷ്ചന്ദ്ര സ്ഥലത്തെത്തിയിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

