ജില്ലാ ആശുപത്രിയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം : പി.കെ ജയലക്ഷ്മി
മാനന്തവാടി : രോഗികളുടെ തിരക്ക് കാരണം ചികിത്സക്കെത്തുന്നവർ ഏറെ ദുരിതമനുഭവിക്കേണ്ടി വരുന്ന മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് മുൻ മന്ത്രിയും കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവുമായ പി.കെ ജയലക്ഷ്മി ആവശ്യപ്പെട്ടു.
ജനറൽ വാർഡുകളിൽ രോഗികൾക്ക് കിടക്കാൻ ബെഡ് ലഭിക്കാറില്ല. ഒരു ബെഡിൽ മൂന്ന് രോഗികളാണ് ഇപ്പോൾ കിടക്കുന്നത്. വാർഡുകളിൽ ബാത്ത് റൂം സൗകര്യം പോലും ഇല്ല. പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് നബാർഡിൽ നിന്നടക്കം ഫണ്ട് ലഭ്യമാക്കിയിരുന്നു. എന്നാൽ ഫണ്ടുപയോഗിച്ച് നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിന് യാതൊരു ശ്രമവും നടത്തുന്നില്ല. ജില്ലാ ആശുപത്രിക്ക് പുതിയ ഫണ്ട് ലഭ്യമാക്കുന്നതിന് നടപടിയായിട്ടില്ലെന്നും അവർ പറഞ്ഞു. സൈക്യാട്രി വിഭാഗത്തിൽ ഉടൻ ഡോക്ടറെ നിയമിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.

