റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെതിരെ സി.പി.എം സൈബർ ആക്രമണം
കണ്ണൂർ : കണ്ണൂർ-കണ്ണവത്ത് കൊല ചെയ്യപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ ശ്യാമപ്രസാദിന്റെ വീട്ടിൽ സന്ദർശനം നടത്തിയ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെതിരെ സി.പി.എം. സൈബർ ആക്രമണം. സർവ്വകക്ഷി സമാധാനയോഗത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് മന്ത്രി ശ്യാമപ്രസാദിന്റെ വീട്ടിലെത്തിയത്. എന്നാൽ സി.പി.എം− ആർ.എസ്.എസ്‌് സംഘർഷ മേഖലയിൽ ആർ.എസ്.എസ്സുകാരന്റെ വീട്ടിൽ ഇടതു മന്ത്രിസഭയിലെ ഒരംഗം എത്തിയത്‍ അണികൾക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം വോട്ടർമാർക്ക് നന്ദി പ്രകാശിപ്പിക്കാൻ പോയ സമയത്ത് ചന്ദ്രശേധരനെതിരേ സംഘപരിവാർ ആക്രമണമുണ്ടായിരുന്നു. ആ സംഭവം ഓർക്കണമെന്നും സൂചിപ്പിച്ചും സി.പി.എം സൈബർ പോരാളികൾ ചന്ദ്രശേഖരനെ രൂക്ഷമായി വിമർശിക്കുന്നു.
അതേ സമയം കാസർഗോഡ് മദ്രസ അദ്ധ്യാപകൻ കൊല ചെയ്പ്പെയട്ടപ്പോൾ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കാതിരുന്നചന്ദ്രശേഖരൻ ആർ.എസ്.എസ് പ്രവർത്തകന്റെ വീട് സന്ദർശിക്കാൻ സമയം കണ്ടെത്തിയെന്നുള്ള വിമർശനങ്ങളുമുയരുന്നുണ്ട്. പയ്യന്നൂരിൽ ആർ.എസ്.എസ്സുകാർവെട്ടിക്കൊന്ന ധനരാജിന്റെ വീട് സന്ദർശിക്കാൻ മന്ത്രിയെത്താത്തതിലുള്ള പ്രതിഷേധവും സൈബർ പോരാളികൾ വ്യക്തമാക്കുന്നു. മന്ത്രിയുടെ നാടായ കാഞ്ഞങ്ങാട്ട് നിന്ന് വെറും 40 കിലോമീറ്ററാണ് പയ്യന്നൂരിലേക്കുള്ളതെന്നും അവിടുന്ന് പിന്നെയും 70 കിലോമീറ്ററിലധികം സഞ്ചരിക്കണം കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിലേക്കെന്നും മന്ത്രി പലവതണ പയ്യന്നൂരിൽ വന്നു പോയിട്ടും ധനരാജിന്റെ വീട്ടിൽ ചെല്ലാത്തത് സി.പി.എമ്മുകാരുടെ വോട്ട് നേടി ജയിച്ചിട്ടും കാട്ടുന്ന നന്ദികേടാണെന്നാണ് ചില പ്രവർത്തകരുടെ വിമർശനം.
സി.പി.എം. പ്രവർത്തകനെ വധിച്ചകേസിൽ പ്രതിയായ കോൺഗ്രസ് പ്രവർത്തകന്റെ വിവാഹ ചടങ്ങളിൽ മാസങ്ങൾക്ക് മുന്‍പ് മന്ത്രി പങ്കെടുത്തതതും പ്രവർത്തകരിൽ അഭിപ്രായ വ്യത്യാസം സൃഷ്ടിച്ചിരുന്നു. അന്നും മന്ത്രിക്കെതിരേ രൂക്ഷമായ സൈബർ ആക്രമണങ്ങളുണ്ടായിരുന്നു. സി.പി.എം. കാസർഗോഡ് ജില്ലാ നേതൃത്വത്തിനും മന്ത്രിയുടെ ഇത്തരം പ്രവർത്തനങ്ങളിൽ അതൃപ്‌തിയുണ്ട്.

