ഗവർണറുടെ നയപ്രഖ്യാപനം നാളെ : കേരള ബജറ്റ് ഫെബ്രുവരി രണ്ടിന്
തിരുവനന്തപുരം : ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും ബജറ്റ് അവതരണവും നടക്കുന്ന ഈ വർഷത്തെ ആദ്യ നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. നാളെ നയപ്രഖ്യാപനവും ഫെബ്രുവരി രണ്ടിന് ബജറ്റ് അവതരണവും നടക്കും. സാന്പത്തിക പ്രതിസന്ധി ഉൾപ്പെടെ നിരവധി വിഷയങ്ങൾ സഭാ തലത്തിൽ ഉയർന്നു വരുമെന്നാണ് പ്രതീക്ഷ.
നാളെ രാവിലെ ഒന്പത് മണിക്ക് ഗവർണർ പി. സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തുന്നതോടെയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. 25, 30, 31 തീയതികളിൽ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഫെബ്രുവരി രണ്ടിന് 2018-−19 സാന്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കും. തുടർന്നുള്ള മൂന്നുദിവസം ബജറ്റിന്മേലുള്ള പൊതുചർച്ചകൾ നടക്കും.
സർകലാശാലാ നിയമഭേദഗതി ഉൾപ്പെടെ ഓർഡിൻസുകൾക്ക് പകരമുള്ള ബില്ലുകളും സഭയിൽ വരും. സാന്പത്തിക പ്രതിസന്ധിക്കിടെ നടക്കുന്ന ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ മുഖ്യ ആയുധം സാന്പത്തിക പ്രതിസന്ധി തന്നെയായിരിക്കും. ഓഖി കൈകാര്യം ചെയ്തതിലെ പ്രശ്നങ്ങളും പ്രതിപക്ഷം ഉയർത്തും. എ.കെ.ജിക്കെതിരായ വി.ടി ബൽറാമിന്റെ വിവാദ പ്രസ്താവന സഭയിലും വാഗ്വാദത്തിനിടയാക്കും. നിയസഭയിൽ അംഗങ്ങളില്ലെങ്കിലും ജെ.ഡി.യുവിന്റെ മുന്നണി മാറ്റം രണ്ട് മുന്നണികളും ഉന്നയിക്കും. ഏഴിന് ഇടവേളക്ക് പിരിയുന്ന സഭ 15 ദിവസത്തിന് ശേഷം വീണ്ടും ചേർന്ന ബജറ്റ് സന്പൂർണമായി ചർച്ച ചെയ്ത് പാസാക്കും. പുതിയ സാന്പത്തിക വർഷത്തിന് മുന്പുതന്നെ ബജറ്റ് പൂർണമായി പാസാക്കാൻ കഴിയുമെന്നതാണ് ഇത്തവണത്തെ ബജറ്റ് സമ്മേളനത്തിന്റെ പ്രത്യേകത.

