ഡൽഹിയിൽ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടുത്തം : 17 പേർ മരിച്ചു
ന്യൂഡൽഹി : ഔട്ടർ ഡൽഹിയിലെ ബാവന വ്യവസായ എേസ്റ്ററ്റിൽ പ്ലാസ്റ്റിക് ഫാക്ടറിക്കു തീപിടിച്ച് 17 പേർ വെന്ത് മരിക്കാനിടയായ സംഭവത്തിൽ ഫാക്ടറി ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഫാക്ടറി ഉടമ മനോജ് ജെയ്നാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. കെട്ടിടം വാടകയ്ക്കെടുത്താണ് മനോജ് ഫാക്ടറി പ്രവർത്തിപ്പിച്ചുവന്നത്.
ശനിയാഴ്ച വൈകുന്നേരം ആറ് ഇരുപതോടെയാണ് ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. കാർപെറ്റ് ഫാക്ടറിയിൽനിന്നു തുടങ്ങിയ തീ മറ്റു ഫാക്ടറികളിലേക്കു പടരുകയായിരുന്നെന്നാണു റിപ്പോർട്ട്. അഗ്നിശമന സേനയുടെ 15 ഫയർ എഞ്ചിനുകൾ എത്തിയാണ് തീയണച്ചത്. അപകടത്തിൽനിന്ന് ഒരു സ്ത്രീയും പുരുഷനും അദ്ഭുതകരമായി രക്ഷപെട്ടു. ഫാക്ടറിയിലെ തൊഴിലാളികളായ രൂപ് പ്രകാശ് (24), സുനിത (45) എന്നിവരാണ് രക്ഷപെട്ടത്. തീപടരുന്നതു കണ്ട് കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ ടെറസിൽനിന്നും താഴേക്കു ചാടിയാണ് ഇവർ രക്ഷപെട്ടത്. വീഴ്ചയിൽ ഇരുവർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫാക്ടറിയുടെ അടിയിലെ നിലയിൽനിന്നാണ് തീപടർന്നത്. മുൻവശത്തു മാത്രമാണ് ഇവിടെ വാതിൽ ഉള്ളത്. കെട്ടിടത്തിന്‍റെ ബേസ്മെന്‍റിൽനിന്നും ഒരു മൃതദേഹവും ഗ്രൗണ്ട് ഫ്ലോറിൽനിന്ന് മൂന്നു മൃതദേഹങ്ങളും ആദ്യത്തെ നിലയിൽനിന്നും 13 മൃതദേഹങ്ങളും കണ്ടെടുത്തു. ചൈനീസ് പടക്കങ്ങൾ പായ്ക്കു ചെയ്യുന്ന യൂണിറ്റും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതാണ് തീ നിയന്ത്രണാതീതമാകാൻ കാരണമായത്.
ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു. അപകട സ്ഥലത്ത് വൈകിയെത്തിയ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ നടപടിയെ പ്രതിപക്ഷം വിമർശിച്ചു. അഞ്ചു മണിക്കൂറുകൾക്കു ശേഷമാണ് കേജരിവാൾ സ്ഥലത്തെത്തിയതും അന്വേഷണം പ്രഖ്യാപിച്ചതും. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

