ഡീസൽ വില വർദ്ധന : കെ.എസ്.ആർ.ടി.സിക്ക് പ്രതിദിനം 30 ലക്ഷം രൂപയുടെ അധിക ബാധ്യത
തിരുവനന്തപുരം : സാന്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഷ്ടപ്പെടുന്ന കെ.എസ്.ആർ.ടി.സിയ്ക്ക്, പ്രതിദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഡീസൽ വില കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്. ഡീസൽ വില വർദ്ധിച്ചതിലൂടെ പ്രതിദിനം 30 ലക്ഷം രൂപ വരെ കെ.എസ്.ആർ.ടി.സിക്ക് അധിക ബാധ്യതയായി വന്നിരിക്കുന്നു. അതേസമയം ഡീസൽ വില വർദ്ധിക്കുന്ന നില തുടർന്നാൽ കെ.എസ്.ആർ.ടി.സി സർവ്വീസുകളെ അത് സാരമായി ബാധിക്കുമെന്നാണ് കെ.എസ്.ആർ.ടിസി മാനേജ്‌മെന്റിന്റെ വിലയിരുത്തൽ.
നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആർ.ടി.സി ഓരോ ദിനവും അൽപ്പമെങ്കിലും കരകയറാനുള്ള തത്രപ്പാടിലാണ്. പക്ഷേ കെ.എസ്.ആർ.ടി.സിയ്ക്ക് കൂനിന്‍മേൽ കുരുപോലെ ആയിരിക്കുന്നു പ്രതിദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഡീസൽ വില. കഴിഞ്ഞ മാസത്തെ കണക്ക് പ്രകാരം പ്രതിദിനം 3 കോടി 10ലക്ഷം രൂപയാണ് ഡീസൽ വാങ്ങിയ ഇനത്തിൽ കെ.എസ്.ആർ.ടി.സിക്ക് ചെലവായത്.
ഡീസൽ വില ഉയരുന്നതിന് മുന്‍പ്, ഇത് 3 കോടി രൂപയായിരുന്നു. പ്രതിദിനം 6 കോടി രൂപ വരുമാനം ലഭിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് ഡീസലിന്റെ ചെലവ് കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്.
നിലവിലെ സ്ഥിതി ടിക്കറ്റ് നിരക്ക് വർദ്ധന ഉൾപ്പെടെയുള്ളവ ആലോചിക്കേണ്ടതാണെന്ന ഘട്ടത്തിൽ കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനെ എത്തിച്ചിരിക്കുകയാണ്. കൂടാതെ കെ.എസ്.ആർ.ടി.സിയുടെ സർവ്വീസുകളെയും ഇപ്പോഴത്തെ സാഹചര്യം സാരമായി ബാധിക്കുമെന്നും മാനേജ്‌മെന്റ് വിലയിരുത്തുന്നു.
5616 സർവ്വീസുകളാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്നായി ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിലേക്കായി നാല് ലക്ഷത്തി എൺപത്തിരണ്ടായിരം ലിറ്റർ ഡീസൽകെ.എസ്.ആർ.ടി.സിക്ക് ദിവസവും ആവശ്യമായിവരുന്നു.
അതേസമയം, ദിവസവും ഡീസൽവില വർദ്ധിക്കുന്നത് ഓയിൽ കന്പനിയുമായുള്ള കെ.എസ്.ആർ.ടിസിയുടെ സാന്പത്തിക ഇടപാടിനെ ബാധിക്കുമെന്നും മാനേജ്‌മെന്റ് വിലയിരുത്തുന്നു. ഡീസൽ വില വർദ്ധനയെ തുടർന്ന് തമിഴ്‌നാട്ടിൽ ബസ് ചാർജ്ജ് 1 രൂപ മുതൽ 5 രൂപ വരെ വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇത് കെ.എസ്.ആർ. ടി.സി.യുടെ അന്തർ സംസ്ഥാന സർവ്വീസുകൾക്കും തിരിച്ചടിയായിരിക്കുന്നു.

