ജനാധിപത്യം സ്ഥാപിക്കാൻ കോൺഗ്രസ് തിരിച്ചെത്തണം : കെ. ശങ്കരനാരായണൻ

പട്ടാന്പി : ബി.ജെ.പി ഭരണത്തിൽ ജനാധിപത്യവും, മതേതരത്വവും വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കയാണെന്നും ഭാരതത്തിൽ ജനാധിപത്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തണമെന്നും മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ പറഞ്ഞു. മുസ്ലിം ലീഗ് നിയോജകമണ്ധലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാക്കളായ പി.എം.സുസഫ് ഹാജി, കെ.ഇ.തങ്ങൾ, സി.കെ.അബ്ദുല്ല എന്നിവരെ അനുസ്മരിക്കാൻ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കോൺഗ്രസ് അധികാരത്തിൽ വരണമെന്നാണ് ബി.ജെ.പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഇപ്പോൾ ആഗ്രഹിക്കുന്നതെന്നും ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിക്കണമെന്നും, ഇതിന് തടസ്സം നിന്നാൽ സി.പി.എമ്മിന് വരും തലമുറയോട് മാപ്പു പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
യൂസഫ് ഹാജിയും, കെ.ഇ.തങ്ങളും, സി.കെ.അബ്ദുല്ലയും ജനങ്ങളുടെ അംഗീകാരം നോടാൻ കഴിഞ്ഞ നേതാക്കളായിരുന്നെന്നും പട്ടാന്പിയുടെ വികസനത്തിൽ ഇവർ വഹിച്ച പങ്കു വലുതാണെന്നും ശങ്കരനാരായണൻ പറഞ്ഞു. പ്രസിഡണ്ട് വി.എം മുഹമ്മദലി അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി സി.ചന്ദ്രൻ, ഡി.സി.സി വൈസ് പ്രസിഡണ്ട് കെ.എസ്.ബി.എ.തങ്ങൾ, സി.പി.എം നേതാവ് എൻ.ഉണ്ണിക്കൃഷ്ണൻ, മുസ്ലിം ലീഗ് നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.