മുത്തലാഖ് ബില്ലിനെതിരെ മുസ്ലീം ലീഗ് രംഗത്ത്

തിരുവനന്തപുരം : പാർലിമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറാക്കിയ മുത്തലാഖ് ബില്ലിനെതിരെ മുസ്ലീം ലീഗ് രംഗത്ത്. ബില്ലിൽ വൈരുദ്ധ്യമുണ്ടെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. വിഷയം ദേശീയ കൗൺസിലിൽ ചർച്ച ചെയ്യും.
പാർലിമെന്റിൽ അവതരിപ്പിക്കാനുള്ള മുത്തലാഖ് ബില്ല് വിഷയമായിരിക്കും ഡൽഹിയിൽ ചേരുന്ന ലീഗ് ദേശീയ കൗൺസിലിന്റെ പ്രധാന അജണ്ട. ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കണമെന്ന് കൗൺസിലിൽ തീരുമാനമെടുക്കുമെന്നും ഇ.ടി വ്യക്തമാക്കി. ബില്ല് അപ്രായോഗികമാണെന്ന നിലപാടിലാണ് ലീഗ് സംസ്ഥാന ഘടകം കോഴിക്കോട് ചേർന്ന മുസ്ലീം ലീഗ് സംസ്ഥാനപ്രവർത്തക സമിതി യോഗത്തിന് ശേഷമായിരുന്നു പ്രതികരണം.
മുത്തലാഖ് ബിൽ പിൻവലിക്കണമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യാതൊരു കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായാണു കേന്ദ്ര സർക്കാർ ബില്ല് കൊണ്ടുവരുന്നതെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജാദ് നൊമാനി ആരോപിച്ചു.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽ കിയിരുന്നു. മുത്തലാഖ് ജാമ്യമില്ലാക്കുറ്റമാക്കാനും മുത്തലാഖിലൂടെ വിവാഹമോചനം ചെയ്താൽ പുരുഷന് മൂന്നുവർഷം വരെ തടവ് ശിക്ഷ നൽകാനും വ്യവസ്ഥ ചെയ്യുന്ന ബില്ലിനാണ് രൂപം നൽകിയത്.