ശശീ­ന്ദ്രന് മന്ത്രി­യാ­കാൻ തടസ്സമി­ല്ലെ­ന്ന് മു­ഖ്യമന്ത്രി


തിരുവനന്തപുരം : ഫോൺ കെണി കേസിൽ കുരുങ്ങി മന്ത്രിസ്ഥാനം രാജി വെച്ച എൻ.സി.പി നേതാവ് എ.കെ ശശീന്ദ്രന് വീണ്ടും മന്ത്രിയാകുന്നതിൽ‍ തടസ്സമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ‍ അത് തീരുമാനിക്കേണ്ടത് താൻ ഒറ്റയ്ക്കല്ല. കൂട്ടായി തീരുമാനിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജസ്റ്റീസ് പി.എസ് ആന്റണി കമ്മീഷൻ റിപ്പോർ‍ട്ട് മന്ത്രിസഭ അംഗീകരിച്ച വിവരം വാർ‍ത്തസമ്മേളനത്തിൽ‍ വ്യക്തമാക്കവെയാണ് പിണറായി നിലപാട് അറിയിച്ചത്. 

ഫോൺ കെണി കേസിൽ ക്രിമിനൽ ഗൂഢാലോചന സംബന്ധിച്ച് നടപടി സ്വീകരിക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശശീന്ദ്രനെതിരെ വാർത്ത നൽകിയ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കണം. ചാനൽ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും മന്ത്രിമാർ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിൽ പെരുമാറ്റചട്ടം കൊണ്ടുവരുമെന്നും കമ്മീഷൻ ശിപാർശ ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം മുഖ്യമന്ത്രിയുടെ പിന്തുണയിൽ‍ സന്തോഷമുണ്ടെന്ന് ശശീന്ദ്രൻ പ്രതികരിച്ചു. ഫോൺ കെണി കേസിൽ താൻ തെറ്റുകാരനല്ലെന്ന റിപ്പോർട്ടാണ് കമ്മീഷൻ നൽകിയിരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്നും മനസിലാകുന്നത്. തനിക്കെതിരെ ആരെങ്കിലും ഗൂഢാലോചന നടത്തിയോ എന്ന കാര്യം അറിയില്ലെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു. മന്ത്രി സ്ഥാനത്തിന്റെ കാര്യം പാർട്ടിയും മുന്നണിയുമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ എ.കെ ശശീന്ദ്രനെ മന്ത്രിയാക്കരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരനും രംഗത്തെത്തി. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തല പറഞ്ഞു. ശശീന്ദ്രന് കമ്മീഷൻ ക്ലീൻ‍ ചിറ്റ് നൽ‍കിയിട്ടില്ലെന്നും ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിഞ്ഞ അതേ സ്ഥിതിതന്നെയാണ് ഇപ്പോഴുമെന്നും സുധീരൻ പറഞ്ഞു. ശശീന്ദ്രൻ മന്ത്രിയെന്ന നിലയിലും പൊതുപ്രവർ‍ത്തകനെന്ന നിലയിലും പാലിക്കേണ്ടിയിരുന്ന ധാർമ്‍മികത പുലർ‍ത്തിയില്ലെന്ന് കമ്മീഷൻ കണ്ടെത്തിയതായി വാർ‍ത്തകളുണ്ടെന്നും സുധീരൻ പറയുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed