സെക്രട്ടേറിയേറ്റിൽ മാധ്യമങ്ങളെ വിലക്കിയിട്ടില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം : മുൻ മന്ത്രി എ.കെ ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺവിളി വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പി.എസ് ആന്റണി കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്പോൾ മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
മാധ്യമങ്ങളെ വിലക്കണമെന്ന് തന്റെ ഓഫീസ് നിർദ്ദേശം നൽകിയിട്ടില്ലെന്നും സംഭവത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമങ്ങൾ നിർബന്ധിച്ച് പ്രതികരണം എടുപ്പിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് ചില സ്വയം നിയന്ത്രണങ്ങളാകാമെന്നും കൂട്ടിചേർത്തു. തന്റെ ദേഹത്ത് മൈക്ക് തട്ടിയതുകൊണ്ടാണ് എറണാകുളത്ത് മാധ്യമ പ്രവർത്തകരോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
എ.കെ ശശീന്ദ്രന്റെ ഫോൺ വിളി വിവാദം അന്വേഷിച്ച പി.എസ് ആന്റണി കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത്. റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പി.എസ് ആന്റണി സെക്രട്ടറിയേറ്റിലെത്തിയത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ സെക്യൂരിറ്റി ജീവനക്കാർ തടയുകയായിരുന്നു. മാധ്യമങ്ങളെ വിലക്കിയ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു.


