അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് ആവശ്യം
തൃശ്ശൂർ : അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ നടപ്പാക്കണമെന്ന് സി.പി.ഐയുടെയും കോൺഗ്രസിന്റെയും തൊഴിലാളി യൂണിയനുകൾ. പദ്ധതി സമന്വയത്തിലൂടെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു യൂണിയനായ കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ നടത്തിയ സെമിനാറിലാണ് രണ്ട് യൂണിയനുകളും സി.ഐ.ടി.യു നിലപാടിനോട് യോജിപ്പ് പ്രകടിപ്പിച്ചത്.
വൈദ്യുതി മന്ത്രി എം.എം. മണിയായിരുന്നു സെമിനാർ ഉദ്ഘാടനം ചെയ്തത്. പദ്ധതി വേണ്ടെന്ന നിലപാടിൽ കോൺഗ്രസും സി.പി.ഐ.യും ഉറച്ചുനിൽക്കുന്പോഴാണ് യൂണിയനുകളുടെ ചുവടുമാറ്റം. ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രശേഖരനും കെ.എസ്.ഇ.ബി. വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് എ.എൻ രാജനുമാണ് നിലപാടുകൾ വ്യക്തമാക്കിയത്.
പദ്ധതിയെ അനുകൂലിച്ച് സംസാരിക്കാൻ പ്രയാസപ്പെട്ട സി.പി.ഐ സംസ്ഥാന സമിതി അംഗം കൂടിയായ രാജൻ പദ്ധതി നടപ്പാക്കേണ്ടെന്ന സി.പി.ഐ തീരുമാനത്തിനു വിധേയമായി നിന്നുകൊണ്ട്, പദ്ധതി നടപ്പാക്കാനുള്ള ശ്രമം നടത്തുമെന്ന് പറഞ്ഞു. പരിസ്ഥിതി സംരക്ഷിച്ചുള്ള ജലവൈദ്യുതി പദ്ധതികൾക്ക് യൂണിയൻ എതിരല്ലെന്നും− അദ്ദേഹം വ്യക്തമാക്കി.
അതിരപ്പിള്ളി പദ്ധതി വേണമെന്നുള്ള ഐ.എൻ.ടി.യു.സി.യുടെ നിലപാടിന് ഒരിക്കലും മാറ്റമുണ്ടാകില്ലെന്ന് ചന്ദ്രശേഖരൻ വ്യക്തമാക്കി. സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം അദ്ധ്യക്ഷനായി. ഉറക്കത്തിൽ വിളിച്ചുണർത്തി ചോദിച്ചാലും അതിരപ്പിള്ളി പദ്ധതി വേണമെന്ന് പറയുമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ പ്രസിഡണ്ട് കെ.ഒ. ഫബീബ് തുടങ്ങിയവർ പ്രസംഗിച്ചു.


