മോഡി ഭരിക്കുന്നത് ശത കോടീശ്വരന്മാർക്ക് വേണ്ടി : പി.കെ ശ്രീമതി
പഴയങ്ങാടി : മോഡി ഭരിക്കുന്നത് ഇന്നാട്ടിലെ സാധാരണക്കാർക്കുവേണ്ടിയല്ല, മറിച്ച് അംബാനിയെപ്പോലുള്ള ശതകോടീശ്വരന്‍മാർക്ക് വേണ്ടിയാണെന്ന് പി.കെ.ശ്രീമതി എം.പി. പറഞ്ഞു. സി.പി.എം മാടായി ഏരിയാസമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഏഴോത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
അധികാരത്തിലെത്തിയാൽ ജനങ്ങളുടെ പട്ടിണി മാറ്റാൻ ഓരോരുത്തരുടെയും പേരിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പറഞ്ഞ ബി.ജെ.പി സർക്കാർ പത്ത് നയാപൈസപോലും നിക്ഷേപിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. സി.പി.എം മാടായി എരിയാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കെ. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പി.ജയരാജൻ, ടി.വി.രാജേഷ് എം.എൽ.എ, ഒ.വി നാരായണൻ, സംഘാടക സമിതി കൺവീനർ കെ.പി മോഹനൻ എന്നിവർ സംസാരിച്ചു. നെരുവന്പ്രം അപ്ലൈഡ് സയൻസ് കോളേജിൽ പുതിയ കോഴ്‌സുകളും പുതിയ കെട്ടിടങ്ങളും അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പഴയങ്ങാടി− കുപ്പം പുഴയോരം കേന്ദ്രീകരിച്ച് അഗ്രി ടൂറിസ്റ്റ് വില്ലേജ് പണിയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സഹായമനുവദിക്കണമെന്നും ഹരിത ട്രിബ്യൂണലിന്റെ നിയമപ്രശ്‌നകാരണം നിർമ്മാണ മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ പുതിയ നിയമ നിർമ്മാണം കൊണ്ടുവരണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


