നടി­യെ­ ആക്രമി­ച്ച കേ­സ് : ദി­ലീപ് എട്ടാം പ്രതി


കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ‍ നടൻ ദിലീപിനെ എട്ടാം പ്രതിയാക്കാൻ ധാരണ. ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ദിലീപിനെ എട്ടാം പ്രതിയാക്കി കേസിൽ‍ കുറ്റപത്രം സമർ‍പ്പിക്കാനാണ് അന്വേഷണസംഘത്തിൽ‍ ധാരണയായത്. കേസിലെ രണ്ടാംഘട്ട കുറ്റപത്രം ചൊവ്വാഴ്ച അങ്കമാലി കോടതിയിൽ സമർപ്പിക്കും. കുറ്റപത്രത്തിൽ മൂന്നൂറിലേറെ സാക്ഷികളുമുണ്ട്. ദിലീപിന് ജാമ്യ ഇളവ് നൽകരുതെന്നും പാസ്പോർട്ട് വിട്ടുകൊടുക്കരുതെന്നും ഹൈക്കോടതിയിൽ ആവശ്യപ്പെടാനും പ്രോസിക്യൂഷൻ തീരുമാനിച്ചു.

അന്തിമ കുറ്റപത്രത്തിൽ‍ ദിലീപ് അടക്കം 11 പ്രതികളുണ്ടാകും. ആദ്യ കുറ്റപത്രത്തിലെ ഏഴ് പ്രതികളെ അതേപടി നിലനിർ‍ത്താനും അന്വേഷണസംഘം തീരുമാനിച്ചു. കൃത്യം നടത്തിയവരും ഒളിവിൽ പോകാൻ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുളളത്. ദിലീപ്, അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽകുമാറിന്‍റെ സഹതടവുകാരനായിരുന്ന വിഷ്ണു എന്നിവരെയാണ് പുതുതായി രണ്ടാംഘട്ട കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. 

കേസിൽ‍ 425ഓളം രേഖകളും അന്വേഷണ സംഘം സമർ‍പ്പിക്കുന്നുണ്ട്. മുന്‍പ് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർ‍പ്പിക്കുമെന്ന തരത്തിൽ‍ റിപ്പോർ‍ട്ടുകളുണ്ടായിരുന്നു. എന്നാൽ‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയാൽ‍ കേസ് നിലനിൽ‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനാൽ‍ അന്വേഷണ സംഘം ആ തീരുമാനം മാറ്റുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കുന്നത്. കേസിൽ‍ ദിലീപിനെതിരായ കുറ്റപത്രം സമർ‍പ്പിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദിലീപിനെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. മൊഴിയിൽ‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടർ‍ന്നാണ് ദിലീപിനെ വീണ്ടും ചോദ്യംചെയ്തത് എന്നാണ് വിവരം. ദിലീപിന്റെ മാനേജർ‍ അപ്പുണ്ണിയെയും ചോദ്യം ചെയ്തിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed