കുറുവാ ദ്വീപിലെ നിയന്ത്രണങ്ങൾ നീക്കണം
മാനന്തവാടി : കുറുവാ ദ്വീപിലെ നിയന്ത്രണങ്ങൾ നീക്കണമെന്നും ദ്വീപ് ഉടൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്നും കുറുവാ സംരക്ഷണ സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രദേശത്തെ നൂറുകണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കി ചിലതൽപര കക്ഷികളുടെ താൽപര്യ പ്രകാരമാണ് കുറുവാ ദ്വീപിൽ നിയന്ത്രണങ്ങൾ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. അഖിലേന്ത്യാ കിസാൻ സഭയും, പരിസ്ഥിതി പ്രവർത്തകരുമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് സമിതി അംഗങ്ങൾ ആരോപിച്ചു. വസ്‌തുതാ വിരുദ്ധമായ പരാതികളാണ് ഈ സംഘടനകൾ ഉന്നയിക്കുന്നത്.
കുറുവാ ദ്വീപ് തുറന്നു പ്രവർത്തിച്ചാൽ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുമെന്നും ഇതു കാരണം കൃഷി ചെയ്യാൻ സാധിക്കാത്ത സ്ഥിതി വരുമെന്നുമൊക്കെയാണ് തൽപ്‍പര കക്ഷികളുടെ വാദങ്ങൾ. ദ്വീപ് തുറന്നു പ്രവർത്തിച്ചാൽ വന്യമൃഗങ്ങൾ ഉൾക്കാടുകളിലേക്ക് മാറി പോവുകയാണ് പതിവെന്ന് അംഗങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ 12 വർഷങ്ങളായി പ്രവർത്തിച്ചപ്പോൾ ഇല്ലാത്ത പ്രശ്‌നങ്ങളാണ് ഇപ്പോൾ ഉന്നയിക്കുന്നത്. ഒരു പരിധിവരെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമാണ് ഈ വിനോദ സഞ്ചാര കേന്ദ്രം. എന്നാൽ വസ്‌തുത മനസിലാക്കാതെ ഇതിനെ പറ്റി യാതൊരുവിധ അന്വേഷണമോ, ചർച്ചയോ നടത്താതെ ചില തൽപ്പര കക്ഷികൾക്ക് കൂട്ട് നിൽക്കുകയാണ് ചില ഉദ്യോഗസ്ഥരെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. 950 ഏക്കർ വരുന്ന വനഭൂമിയിൽ വെറും മൂന്ന് ഏക്കർ പ്രദേശത്ത് മാത്രമാണ് വിനോദ സഞ്ചാരികൾക്ക് തുറന്നു കൊടുക്കുന്നത്. വനം വകുപ്പിന്റെ കീഴിലുള്ള മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നും ഇല്ലാത്ത നിയന്ത്രങ്ങളാണിവിടെകൊണ്ടുവരുന്നതെന്നും കുറുവ ഡി.എം.സി. ചെയർമാൻ ഒ.ആർ കേളു എം.എൽ.എ, വൈസ് ചെയർമാനായ നഗരസഭാചെയർമാൻ വി.ആർ. പ്രവീജ് ഇവരെയൊന്നും അറിയിക്കാതെയാണ് ഉത്തരവിറക്കിയതെന്നും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
കുറുവാ ദ്വീപ് തുറന്നു പ്രവർത്തിക്കാൻ ഇനിയും ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കുറുവാ സംരക്ഷണ സമിതി ചെയർമാൻ സണ്ണി ജോർജ്ജ്, കൺവീനർ ജോസ് സി. തോമസ്, വി.കെ. ബാബു, വി.യു.സുനിൽ കുമാർ, പി.എന്‍. ഗിരീഷ്, ശ്യാമള മധു, വിനീത സുനിൽ എന്നിവർ വ്യക്തമാക്കി.


