ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു
തിരുവനന്തപുരം : കായൽ കയ്യേറ്റ ആരോപണത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനങ്ങൾക്കു വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. ഇതോടെ പിണറായി വിജയൻ സർക്കാരിൽനിന്നു രാജിവയ്ക്കുന്ന മന്ത്രിമാരുടെ എണ്ണം മൂന്നായി. ആരോപണങ്ങളെ പ്രതിരോധിച്ചും വെല്ലുവിളിച്ചും നിലകൊണ്ട തോമസ് ചാണ്ടി അവസാനം രാജിക്കു വഴങ്ങുകയായിരുന്നു. എൻസിപി ദേശീയ നേതൃത്വവുമായി നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് മന്ത്രിയുടെ രാജിപ്രഖ്യാപനം.
തോമസ് ചാണ്ടി രാജി വയ്ക്കണമെന്നു സിപിഐ ആദ്യം മുതൽതന്നെ കടുത്ത നിലപാടെടുത്തിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും കടുത്ത ഭാഷയിൽ ചാണ്ടിക്കെതിരെ രംഗത്തെത്തി. പാർട്ടിയുടെ ആകെയുള്ള രണ്ട് എംഎൽഎമാരും മന്ത്രിമാരാവുകയും വിവാദത്തിൽപ്പെട്ടു രാജിവച്ചു സ്ഥാനമൊഴിയുകയും ചെയ്തെന്ന അപൂർവസ്ഥിതിയിലാണ് ഇപ്പോൾ എൻസിപി.
രാജിക്കാര്യത്തിൽ തലസ്ഥാനത്ത് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നതിനിടെ രാവിലെ എട്ടുമണിക്ക് തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. പിന്നാലെ നടന്ന മന്ത്രിസഭായോഗത്തിലും തോമസ് ചാണ്ടി പങ്കെടുത്തു. എന്നാൽ തോമസ് ചാണ്ടി പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാർ യോഗത്തിനെത്തിയില്ല. പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോൾ മുഖ്യമന്ത്രി സിപിഐയുടെ നിലപാടിൽ അസംതൃപ്തി അറിയിക്കുകയും ചെയ്തു.
ഇതേത്തുടർന്ന് ഇന്ന് രാവിലെയും ചാണ്ടി മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുടർന്നായിരുന്നു രാജി പ്രഖ്യാപനം.


