മാന്നാറിലെ ഹോട്ടലുകളിൽ വ്യാപക ക്രമക്കേട് : ലൈസൻസ് റദ്ദാക്കാൻ ശുപാർശ

മാന്നാർ: മാന്നാറിലെ ഹോട്ടലുകൾ, ബേക്കറി, ബോർമ്മ എന്നിവിടങ്ങളിൽനിന്ന് ഭക്ഷണശാലകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ചീഞ്ഞതും പഴകിയതുമായ ഭക്ഷണവസ്തുക്കൾ വിറ്റ മൂന്ന് ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കുന്നതിന് സംഘം ശുപാർശ നൽകി.
പരുമല പെരുന്നാളിനോടനുബന്ധിച്ച് ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് നടത്തിയ ഓപ്പറേഷൻ ആരോഗ്യ എന്ന മിന്നൽ പരിശോധനയിലാണ് ഉപയോഗ തീയതി കഴിഞ്ഞ ഭക്ഷണപായ്ക്കറ്റുകൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തത്. ചില ഹോട്ടലുകളിൽ ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണസാധനങ്ങൾ കണ്ടെത്തി. മൂന്ന് ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി നടപടിക്ക് ശുപാർശ ചെയ്തു. പല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത്കാർഡില്ല എന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
പരിസരമലിനീകരണം സൃഷ്ടിച്ചുകൊണ്ട് പ്രവർത്തിക്കുന്നതും ക്രമക്കേടുകൾ കണ്ടെത്തിയതുമായ സ്ഥാപനങ്ങളുടെ പേരിൽ നടപടിക്ക് ശുപാർശ ചെയ്തു.പരിശോധനയിൽ മാന്നാർ സാമൂഹികാരോഗ്യകേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.സാബുസുഗതന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈന നവാസ്, പഞ്ചായത്തംഗം കലാധരന്‍, ഹെൽത്ത് ഇന്‍സ്‌പെക്ടർമാരും പങ്കെടുത്തു.