എം.സി റോഡിൽ മണ്ണിടിഞ്ഞ് വീണ് ആറൂരിൽ ഗതാഗതം മുടങ്ങി

മൂവാറ്റുപുഴ : കെ.എസ്.ടി.പി. റോഡ് നിർമ്മാണം നടക്കുന്ന ആറൂരിൽ എം.സി റോഡിലേക്ക് മണ്ണിടിഞ്ഞു. വീണ് ഗതാഗതം സ്തംഭിച്ചു. എം.സി റോഡിലേക്ക് കൂറ്റൻ പാറയും മണ്ണും വീണെങ്കിലും ആർക്കും അപകടമുണ്ടായില്ല. രണ്ടു വാഹനങ്ങൾ കടന്നുപോയതിനു പിന്നാലെയാണ് മണ്ണിടിഞ്ഞു വീണത്. മറ്റു വാഹനങ്ങൾ മണ്ണിടിഞ്ഞ്വീഴുന്നതു കണ്ടു പൊടുന്നനെ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ മീങ്കുന്നം പള്ളിക്ക് സമീപമാണ് പതിനഞ്ചടിയോളം ഉയരത്തിൽ നിന്നു മണ്ണിടിഞ്ഞ് വീണത്. കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ എം.സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ, കൂത്താട്ടുകുളം േസ്റ്റഷനുകളിൽ നിന്ന് ഫയർഫോഴ്‌സ് എത്തി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തു. ഇതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. ഇതിനിടെ രണ്ടു കിലോമീറ്റർ നീളത്തിൽ ഇരുഭാഗത്തും വാഹനങ്ങൾ എം.സി റോഡിൽ കുരുങ്ങിക്കിടന്നു.
എം.സി റോഡ് നിർമ്മാണത്തിന്റെ ഭാഗമയി റോഡിനായി കുന്നിടിച്ച് മണ്ണ് മാറ്റിയശേഷം സ്ഥലമേറ്റെടുത്തിരുന്നു. ഇവിടെ സംരക്ഷണഭിത്തി നിർമ്മിക്കാത്തതാണ് മണ്ണിടിയാൻ കാരണം. റോഡിന്റെ ഒരു ഭാഗത്ത് അൻപതടിയോളം താഴ്ചയും മറു ഭാഗത്തു കുന്നുമായതിനാൽ മണ്ണിടിഞ്ഞ് വീണാൽ വൻ ദുരന്തമായിരിക്കും സംഭവിക്കുകയെന്ന് അഗ്നിശമന സേനാ അംഗങ്ങളും പറയുന്നു. ഏഴു മാസത്തിനിടെ ആറൂർ മുതൽ മൂവാറ്റുപുഴ വരെയുള്ള പത്തോളം സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞത്. ഒട്ടേറെ വീടുകൾ അപകടാവസ്ഥയിലാണ്. ആറൂർ മുതൽ മീങ്കുന്നം വരെയുള്ള ഭാഗങ്ങളിലാണു കൂടുതൽ തവണ മണ്ണിടിഞ്ഞു വീണത്. അശാസ്ത്രീയമായ രീതിയിൽ കുന്നിലുള്ള പാറകൾ പൊട്ടിച്ച് മണ്ണെടുത്തതോടെ പലഭാഗത്തും മണ്ണ് ഇളകി നിൽക്കുകയാണ്. കനത്ത മഴയിൽ വെള്ളമൊലിച്ചു വരുന്നതോടൊപ്പം മണ്ണും ഇടിയുന്നതാണ് അപകടം ഉണ്ടാക്കുന്നത്.