കെ.പി.സി.സി പട്ടിക : വിഷ്ണുനാഥിനെ ചൊല്ലി തർക്കം
തിരുവനന്തപുരം : കെ.പി.സി.സി പട്ടിക കോൺഗ്രസിന് തീരാത്തലവേദയാകുന്നു. പി.സി വിഷ്ണുനാഥിന്റെ പേരിനെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. പട്ടികയിൽ നിന്ന് പി.സി വിഷ്ണുനാഥിനെ മാറ്റണമെന്ന കൊടിക്കുന്നിൽ സുരേഷിന്‍റെ ആവശ്യത്തിന് പരസ്യമായ മറുപടിയുമായി ഉമ്മൻ ചാണ്ടി രംഗത്ത് വന്നു. പട്ടികയിൽ നിന്ന് വിഷ്ണുനാഥിനെ ഒഴിവാക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷ്ണുനാഥ് എ.ഐ.സി.സി ഭാരവാഹിയാണെന്നും അങ്ങനെയൊരാളെ മാറ്റാൻ ദേശീയനേതൃത്വം തയ്യാറാകില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
കൊല്ലം എഴുകോൺ ബ്ലോക്കിൽനിന്നാണ് വിഷ്ണുനാഥിന്റെ പേര് കെ.പി.സി.സി ഭാരവാഹിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിനെതിരെ കൊടിക്കുന്നേൽ സുരേഷ് രംഗത്തെത്തിയിരുന്നു. വിഷ്ണുനാഥിന് പകരം തന്റെ നോമിനിയായി വെളിയം ശ്രീകുമാറിനെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു കൊടിക്കുന്നിലിന്റെ നിലപാട്. എന്നാൽ പുതുക്കിയ പട്ടികയിലും വെളിയം ശ്രീകുമാർ ഇടംപിടിക്കാത്തതോടെ കൊടിക്കുന്നിൽ കോൺഗ്രസ് ഉപാധ്യക്ഷനെ സമീപിച്ചിരുന്നു.
അതേ സമയം കൊടിക്കുന്നിൽ സുരേഷിന് മറുപടിയുമായി വിഷ്ണുനാഥ് രംഗത്തെത്തി. 24 വയസ് മുതൽ താൻ എഴുകോൺ ബ്ലോക്കിൽനിന്നുള്ള കെ.പി.സി.സി അംഗമാണ്. പാർട്ടിയിൽ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങൾക്കു സ്ഥാനമില്ല. കെ.പി.സി.സി പട്ടികയിൽ ഉൾപ്പെടുത്തണമോയെന്നു തീരുമാനിക്കാൻ പാർട്ടിയിൽ ഉന്നത നേതാക്കളുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു.


