ആരോ­ഗ്യരംഗത്ത് വൻ തൊ­ഴിൽ സാ­ധ്യതകളു­മാ­യി­ സ്വകാ­ര്യ ആശു­പത്രി­കൾ പണി­പ്പു­രയി­ൽ


മനാമ : ആരോഗ്യരംഗത്ത് അനവധി പേർക്ക് തൊഴിലവസരങ്ങൾ സൃഷിച്ചേക്കാവുന്ന നിരവധി ആശുപത്രികളും മെഡിക്കൽ സെന്ററുകളും ബഹ്‌റൈനിൽ ആരംഭിക്കാൻ ഒരുങ്ങുന്നു. ഇന്ത്യയിൽ നിന്നുള്ളതും ബഹ്‌റൈനിൽ പ്രവർത്തിക്കുന്നതുമായ നിരവധി ആശുപത്രികൾ സ്ഥാപിയ്ക്കാനുള്ള അപേക്ഷകളാണ് നാഷണൽ ഹെൽത്ത് റെഗുലേറ്ററിക്കു മുൻപാകെ എത്തിയിട്ടുള്ളത്. ആരോഗ്യരംഗത്തെ വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങിക്കൊണ്ട് രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും അടക്കമുള്ളവർക്ക് ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുന്ന സാഹചര്യത്തിലാണ് നിരവധി ആരോഗ്യ ശുശ്രൂഷാ കേന്ദ്രങ്ങൾക്ക് അപേക്ഷ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ പ്രമുഖ ആശുപത്രിയായ അപ്പോളോ ആശുപത്രി അടക്കമുള്ള വൻകിട ആശുപത്രികളുടെ ശാഖകൾ ബഹ്റൈനിൽ പ്രവർത്തനം ആരംഭിക്കുന്നതിനു ആരോഗ്യ മന്ത്രാലയവുമായി കഴിഞ്ഞ ഫെബ്രുവരിയിൽ ചർച്ച നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർ‍ച്ചയ്ക്കായി ഇന്ത്യൻ‍ അപ്പോളോ ആശുപത്രിയിൽ നിന്നെത്തിയ നിക്ഷേപകരുമായും, മാനേജ്മെന്റുമായും സർക്കാർ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.

ബഹ്‌റൈനിലെ പ്രമുഖ സ്വാകാര്യ ആശുപത്രിയായ അൽ ഹിലാൽ അദ്‌ലിയയിൽ അവരുടെ പുതിയ ശാഖ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ബദർ അൽ സമാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന അൽ ഹിലാലിന് നിലവിൽ റിഫയിൽ ഒരു മെഡിക്കൽ സെന്ററും മുഹറഖിൽ 50 കിടക്കകളോട് കൂടിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. നവംബർ 15 ന് അദ്‌ലിയയിൽ ഒരു മെ‍ഡിക്കൽ സെന്റർ കൂടി ആരംഭിക്കുകയാണ്. കൂടാതെ സൽമാബാദിലെ മെഡിക്കൽ സെന്ററും അടുത്തു തന്നെ പ്രവർത്തനമാരംഭിക്കുമെന്ന് മാനേജുമെന്റ് അറിയിച്ചു.

പ്രശസ്ത ആരോഗ്യ ശുശ്രൂഷാ കേന്ദ്രമായ അമേരിക്കൻ മിഷൻ ആശുപത്രിയുടെ പുതിയ കെട്ടിടം ഗുദൈബിയയിൽ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഒരു വർഷത്തിനകം തന്നെ  ഈ ശാഖയും പ്രവർത്തിച്ചു തുടങ്ങുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഗുദൈബിയയിലെ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ, ഹിദ്ദിലെ ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ, ഗുദൈബിയയിലെ ആസ്റ്റർ മെഡിക്കൽ സെന്റർ, സെഗയ്യയിലെ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ, കിംസ് മെഡിക്കൽ സെന്റർ തുടങ്ങിയ ആരോഗ്യ രംഗത്തെ പുതിയ സംരംഭങ്ങളെല്ലാം തന്നെ ബഹ്‌റൈനിൽ ഇന്ത്യക്കാരുടെ ആശ്രയ കേന്ദ്രങ്ങളാണ്. ഇത്തരത്തിലുള്ള ആരോഗ്യ കേന്ദ്രങ്ങൾ വികസിക്കുന്നതോടെ  നേഴ്‌സിംഗ് മേഖലയിൽ കൂടുതൽ തൊഴിൽ സാധ്യതകളും വർദ്ധിക്കുന്നു എന്നുള്ളത് മലയാളികൾ അടക്കമുള്ള ഉദ്യോഗാർഥികൾക്ക് ആശ്വാസത്തിന് വക നൽകുന്നു. ആശുപത്രികൾ പല സ്ഥലങ്ങളിലും ആരംഭിക്കുന്നതോടെ നാട്ടിൽ നിന്ന് പഠിച്ചിറങ്ങുന്ന നിരവധി ഡോക്ടർമാരുടെയും സേവനങ്ങൾ യഥേഷ്ടം ലഭിക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർക്കു ബഹ്‌റൈൻ ലൈസൻസ് ലഭിക്കാനുള്ള സാധ്യതകളും കൂടുകയാണ്.

മിക്ക സ്ഥാപനങ്ങളിലും മലയാളികൾ ആയുള്ള നഴ്‌സുമാർ, ഡോക്ടർമാർ ആണ് സേവനത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ളതും. ആശുപത്രി രംഗത്തെ മത്സരം മുറുകുന്നതോടെ ആധുനിക ചികിത്സാ സൗകര്യങ്ങളും നൂതന സാങ്കേതിക വിദ്യകൾ സജ്ജമാക്കിയ വിഭാഗങ്ങളും കുറഞ്ഞ നിരക്കിൽ തന്നെ ലഭ്യമാക്കാൻ ആശുപത്രി അധികൃതർ നിർബന്ധിതരാവുകയും അതുവഴി മികച്ച ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യവും പ്രവാസികൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed