പോര് തുടരുന്നു : എ.ജിയ്ക്കെതിരെ രൂക്ഷവിമർശനവുമായി റവന്യൂമന്ത്രി
തിരുവനന്തപുരം : ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റ കേസുകൾ കൈാര്യം ചെയ്യുന്നതിനെ ചൊല്ലി റവന്യൂ വകുപ്പും അഡ്വക്കേറ്റ് ജനറലും രണ്ട് തട്ടിൽ തന്നെ. കേസിനെച്ചൊല്ലി സർക്കാരിലും ഇടതുമുന്നണിയിലും ഉടലെടുത്ത ഭിന്നത മറനീക്കി പുറത്തുവരുകയാണ്. കേസ് നടത്തിപ്പ് അഡീഷണൽ എ.ജി രഞ്ജിത് തന്പാന് കൈമാറില്ലെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിലപാട് റവന്യൂ വകുപ്പിനേയും സി.പി.ഐയേയും പ്രകോപിപ്പിച്ചിരിക്കുകയാണ്.
എ.ജി ഭരണഘാടന സ്ഥാപനമാണെങ്കിലും സർക്കാരിന് മുകളില്ല സ്ഥാനമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നിയമം അനുസരിച്ചേ കാര്യങ്ങൾ നടക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. എ.ജിയുടെ നിലപാടിലുള്ള അതൃപ്തി പരസ്യമാക്കിയാണ് കാനത്തിന്റെ പ്രതികരണം. ജനജാഗ്രതാ യാത്രയുടെ ഭാഗമായി തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.
അഡ്വക്കേറ്റ് ജനറലിനെതിരെ രൂക്ഷ വിമർശനവുമായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും രംഗത്തെത്തി. താൻ നൽകിയ കത്തിന് എ.ജി മറുപടി നൽകിയില്ലെന്നും ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. എ.ജിയുടെ ഈ നിലപാടിന് മറുപടി പറയാൻ തന്‍റെ സംസ്കാരം അനുവദിക്കുന്നില്ലെന്നും മന്ത്രി തുറന്നടിച്ചു. കോടതിയിൽ എന്ത് നിലപാടെടുക്കണമെന്ന് തീരുമാനിക്കുന്നത് എ.ജിയായിരിക്കാം, എന്നാൽ റവന്യൂ വകുപ്പിന്‍റെ നിലപാട് വകുപ്പാണ് തീരുമാനിക്കുന്നതെന്നും ആ വകുപ്പിന്‍റെ അധിപൻ താനാണെന്നും ഓർമ്മിപ്പിച്ച മന്ത്രി അഡീഷണൽ എ.ജി തന്നെ വാദിക്കണം എന്ന നിലപാടാണ് ഇപ്പോഴുമുള്ളതെന്ന് ആവർത്തിച്ച് വ്യക്തമാക്കി.
റവന്യൂ മന്ത്രിയുടെ ആരോപണത്തിന് എ.ജിയുടെ ഓഫീസ് മറുപടി നൽകി. കേസ് മാറ്റിക്കൊടുത്ത ചരിത്രമില്ലെന്നും ഒരു കേസിനോടും പ്രത്യേക താൽപ്‍പര്യമില്ലെന്നും എ.ജിയുടെ ഓഫീസ് മറുപടി നൽകി. എ.എ.ജി ഹാജരാകണമെന്ന റവന്യു മന്ത്രിയുടെ ആവശ്യം എ.ജി സി.പി സുധാകരപ്രസാദ് വീണ്ടും തള്ളി. റവന്യു വിഷയങ്ങൾ ആരുടെയും തറവാട്ടുസ്വത്തല്ലെന്നും മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള. േകസ് േസ്റ്ററ്റ് അറ്റോർണി കെ.വി സോഹൻ തന്നെ തുടർന്നും കൈകാര്യം ചെയ്യുമെന്നും എ.ജി പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ എ.ജിക്കു നിർദേശം നൽകാൻ മന്ത്രിമാർക്ക് അധികാരമുണ്ടെന്ന് സർക്കാർ ഉത്തരവിറക്കിയാൽ അപ്പോൾ പരിഗണിക്കാമെന്നും വ്യക്തമാക്കി.


