കോഴ വിവാദത്തിൽ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു : പൊട്ടിക്കരഞ്ഞ് എം.ടി.രമേശ്


തിരുവനന്തപുരം : ബിജെപി കേരള ഘടകത്തെ പ്രതിസന്ധിയിലാക്കിയ കോഴ വിവാദത്തിൽ, തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും ഒപ്പമുള്ളവർ ഗൂഢാലോചന നടത്തി തന്റെ രാഷ്ട്രീയ ജീവിതം തകർക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് എം.ടി.രമേശ് പൊട്ടിക്കരഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇല്ലെങ്കിൽ താൻ പാർട്ടിയിൽ ഉണ്ടാകില്ലെന്നും ബിജെപി നേതൃയോഗത്തിൽ രമേശ് വ്യക്തമാക്കി.

എം.ടി. രമേശിനെതിരെ വ്യാജരേഖ ചമച്ചുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവനും രംഗത്തെത്തി. പാർട്ടിക്കുള്ളിലെ ശത്രുക്കളെ ആദ്യം നേരിടണമെന്നും സജീവൻ കുറ്റപ്പെടുത്തി. യോഗത്തിൽ കുമ്മനത്തിനെതിരെ കടുത്ത വിമർശനം ഉയർന്നു. കോഴ അന്വേഷണത്തിനു കമ്മിഷനെ വച്ചതു കോർ കമ്മിറ്റിയെ അറിയിച്ചില്ലെന്നും പലവിവരങ്ങളും അറിഞ്ഞതു മാധ്യമങ്ങൾ വഴിയാണെന്നും നേതാക്കൾ അറിയിച്ചു. എന്നാൽ അതീവ രഹസ്യ സ്വഭാവം ഉള്ളതുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നു കുമ്മനം മറുപടി പറഞ്ഞു.

കോഴ വിവാദത്തിൽ എത്ര ഉന്നതനായാലും തല ഉരുളുമെന്നു കേന്ദ്രനേതൃത്വം മുന്നറിയിപ്പു നൽകിയിട്ടുണ്ടെന്ന് ബി.എൽ. സന്തോഷ് അറിയിച്ചു. റിപ്പോർട്ട് ചോർന്നതിനു പിന്നിൽ സംസ്ഥാന സെക്രട്ടറി എ.കെ. നസീർ മാത്രമല്ലെന്ന നിഗമനത്തിലാണ് കേന്ദ്രനേതൃത്വം. വിഷയത്തിൽ നസീറിനെതിരെ നടപടിയെടുക്കും. അച്ചടക്ക നടപടിയുടെ വിശദാംശങ്ങൾ സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യും.

വിവാദത്തിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിവാദം പാർട്ടിയിൽനിന്നുണ്ടായതു ഗൗരവമായ കാര്യമാണെന്നും കേരളത്തിലെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചെന്നും വിലയിരുത്തലുണ്ടായി. വിഷയത്തിൽ ആർഎസ്എസ് കേന്ദ്രനേതൃത്വവും കടുത്ത നിലപാടിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed