മൽസ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു മരണം : ഒരാളെ കാണാതായി
കൊച്ചി : മൽസ്യബന്ധത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് കാണാതായ തൊഴിലാളികളിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. കുളച്ചിൽ സ്വദേശി തമ്പിദുരൈയുടെയും അസം സ്വദേശിയുടെയും മൃതദേഹമാണ് ലഭിച്ചത്. ഉത്തരേന്ത്യയിൽ നിന്നുള്ള മറ്റൊരു തൊഴിലാളിക്കായി തിരച്ചിൽ തുടരുകയാണ്.
പനാമയിൽ നിന്നുള്ള ചരക്കുകപ്പൽ ആംബർ ആണ് അപകടമുണ്ടാക്കിയത്. ഈ കപ്പൽ എവിടേക്ക് പോവുകയാണെന്ന കാര്യം വ്യക്തമല്ല. കപ്പൽ കൊച്ചിയിൽ നിന്നും എട്ടു നോട്ടിക്കൈൽമൈൽ ദൂരം മാത്രമാണ് പോയത് എന്നാണ് വിവരം. നാവികസേനയും തീരസംരക്ഷണസേനയും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.
പുലർച്ചെ രണ്ടു മുപ്പതോടെയാണ് പുതുവൈപ്പിനിൽ നിന്നും 20 നോട്ടിക്കൽമൈൽ അകലെ അപകടമുണ്ടാത്. ബോട്ടിലുണ്ടായിരുന്ന 14 പേരിൽ 11 പേരും രക്ഷപ്പെട്ടു. രണ്ടു ദിവസം മുൻപ് മൽസ്യബന്ധനത്തിന് പോയ കാർമൽ മാത എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കപ്പലുകൾ കടുന്നു പോകുന്ന വഴിയിൽ അല്ല ബോട്ട് ഉണ്ടായിരുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.
പുലർച്ചെ അപകടമുണ്ടായപ്പോൾ മറ്റൊരു ബോട്ട് ഇവർക്ക് സമീപം ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് എത്തിയ ഈ ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ മൽസ്യബന്ധന ബോട്ട് പൂർണമായും തകർന്നു. രക്ഷപ്പെടുത്തിയ 11 പേരെ ഫോർട്ട് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

