കെഎസ്ആർടിസിയിൽനിന്ന് 210 എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം : കെഎസ്ആർടിസിയിൽനിന്ന് 210 എംപാനൽ (താത്കാലിക) ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. മാവേലിക്കര റീജണൽ വർക്‌ഷോപ്പിൽനിന്ന് 65ഉം എടപ്പാളിൽനിന്ന് 55ഉം കോഴിക്കോട്ടുനിന്ന് 35ഉം ആലുവയിൽനിന്ന് 55ഉം ജീവനക്കാരെയാണ് ഇന്നലെ പിരിച്ചുവിട്ടത്.
ഷാസികളുടെ ലഭ്യത കുറഞ്ഞതിനാൽ ബസ് ബോഡിനിർമാണം നടക്കാത്തതിനാലാണു ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം. ഇന്നലെ ഉച്ചയോടെയാണ് നാലു റീജണൽ വർക്ക്ഷോപ്പുകളിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ഒറ്റ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുന്നതിനാണു താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് വിവരം.
പത്തു വർഷത്തിലധികമായി ജോലി ചെയ്തിരുന്നവർവരെ പിരിച്ചു വിടപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ജീവനക്കാരും ഇക്കൂട്ടത്തിലുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നാണു വിവരം. കഴിഞ്ഞമാസം തിരുവനന്തപുരം സെൻട്രൽ വർക്ക്ഷോപ്പിലെ 240 എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

