മലയാളികളുടെ പുനരധിവാസത്തിനു മുന്തിയ പരിഗണന: നോർക്ക മന്ത്രി

തിരുവനനന്തപുരം: പ്രതിസന്ധി രൂക്ഷമായ ഗൾഫിൽനിന്നു മടങ്ങിവരുന്ന മലയാളികളുടെ പുനരധിവാസത്തിന് മുന്തിയ പരിഗണന നൽകുമെന്ന് നോർക്ക മന്ത്രി കെ ടി ജലീൽ . ഗൾഫ് പ്രതിസന്ധി മൂലം മലയാളികൾ ദുരിതത്തിലായെന്ന വാർത്തോയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. അതീവ ഗുരുതരമായ സാഹചര്യമാണു ഗൾഫ് നാടുകളിൽ ഉള്ളതെന്നും മലയാളികളുടെ കാര്യത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
മലയാളികൾ ഏറ്റവും കൂടുതൽ ജോലിചെയ്യുന്ന ഗൾഫ് രാജ്യമാണ് സൗദി അറേബ്യ. നിർമാണ മേഖലയിലാണു മലയാളികളേറെയും ജോലി ചെയ്യുന്നത്. ഇവിടങ്ങളിലാണു പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ ശക്തമായ നടപടികളെടുക്കാൻ തയാറാകണം. ഇപ്പോൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയെയാണു സൗദിയിലേക്ക് അയച്ചിരിക്കുന്നത്. ഇതു പ്രശ്‌നത്തിന്റെ ഗൗരവം കുറയ്ക്കും. അതിനാൽ വിദേശകാര്യമന്ത്രി നേരിട്ടു സൗദിയിൽ പോയി ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കണമെന്നും മന്ത്രി ജലീൽ വ്യക്തമാക്കി.
വരും നാളുകളിൽ ഗൾഫിൽനിന്നുള്ള മടക്കം വർധിക്കാനേ വഴിയുള്ളൂ. അതു ഗൗരവമായാണു സർക്കാർ കാണുന്നത്. കേരളത്തിലേക്കു വിദേശനാണ്യം കൊണ്ടുവരാൻ രാപകലില്ലാത്ത കഷ്ടപ്പെടുന്നവരാണു പ്രവാസി മലയാളികൾ. അവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല.