പിഎസ്‌സി പരീക്ഷാ ക്രമക്കേട്: മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ് അറസ്റ്റില്‍
ശാരിക
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷാണ് അറസ്റ്റിലായത്. കോഴിക്കോട്ടെ വീട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം സതീഷിനെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരി ഒളിവിലാണ്. പിഎസ്‌സിയിൽ പരീക്ഷാ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ആളാണ് പി. സതീഷ്. വിവാദ പരീക്ഷയുടെ മൂല്യനിർണയ ചുമതലയും സതീഷിനായിരുന്നു. കഴിഞ്ഞ വർഷമാണ് ഇദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ഉന്നതർ പ്രതികളായേക്കുമെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് നിർണായക തെളിവുകൾ എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്. ചെയർമാൻ എം.ആർ. ബൈജുവിന്റെ ചോദ്യം ചെയ്യലും കേസിൽ നിർണായകമാകും. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഐ.ജി. അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
പുതിയതായി രജിസ്റ്റർ ചെയ്ത വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേടുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷാ ക്രമക്കേട് പരാതിയിലും കേസ് രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. മൂന്ന് പിഎസ്‌സി അംഗങ്ങളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഒരു പിഎസ്‌സി അംഗത്തെ നാളെ ചോദ്യം ചെയ്യും. കേസിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് എസ്‌ഐടി നീക്കം. കൂടുതൽ പരാതികളിൽ തെളിവ് ശേഖരിക്കുന്ന പ്രവർത്തനങ്ങളും സംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്. പിഎസ്‌സി പരീക്ഷാക്രമക്കേട് കേസിൽ സർക്കാരിന് മെല്ലെപ്പോക്കെന്ന വിമർശനം ഹൈക്കോടതി മുൻപ് ഉയർത്തിയിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും ചൂണ്ടിക്കാണിച്ച കോടതി എന്ത് അന്വേഷണമാണ് നടക്കുന്നതെന്ന ചോദ്യവും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം നടപടികൾ വേഗത്തിലാക്കിയത്. പ്രതികളെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കോടതി നടപടികൾ തടസ്സമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
sdfdsf

