പത്ത് രൂപ നോട്ട് നൽകാത്തതിന് ഹൃദ്രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി; കോതമംഗലം താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധം ശക്തം


ശാരിക

കൊച്ചി: കയ്യിൽ പത്ത് രൂപ നോട്ട് നൽകാനില്ലെന്ന കാരണത്താൽ ഹൃദ്രോഗിയായ രോഗിക്ക് അരമണിക്കൂറിലേറെ സമയം ചികിത്സ നിഷേധിച്ചതായി പരാതി. കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് ഈ മനുഷ്യത്വഹീനമായ സംഭവം നടന്നത്. യാത്രാമധ്യേ കടുത്ത നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ട പെരുമ്പാവൂർ സ്വദേശി കരീം എ.കെ എന്നയാൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പുലർച്ചെ ഒരു മണിയോടെയാണ് അടിയന്തര ചികിത്സയ്ക്കായി കരീമിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. എന്നാൽ, ഒപി ടിക്കറ്റിനായുള്ള പത്ത് രൂപ പണമായി തന്നെ നൽകണമെന്നും ഓൺലൈൻ പേയ്മെന്റ് സ്വീകരിക്കില്ലെന്നും ആശുപത്രി ജീവനക്കാരി വാശിപിടിക്കുകയായിരുന്നു.

പണം ഡിജിറ്റലായി നൽകാമെന്ന് രോഗിയും കൂടെയുള്ളവരും പറഞ്ഞിട്ടും ചീട്ട് നൽകാൻ ജീവനക്കാരി തയ്യാറായില്ല. ചികിത്സ അത്യന്താപേക്ഷിതമെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോകാനായിരുന്നു ജീവനക്കാരുടെ മറുപടി. തുടർന്ന് പുലർച്ചെ 45 മിനുറ്റോളമാണ് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ചികിത്സ ലഭിക്കാതെ ആശുപത്രിയിൽ കാത്തുനിൽക്കേണ്ടി വന്നത്. ഒടുവിൽ ഡോക്ടർ പരിശോധിച്ചപ്പോഴേക്കും രോഗിയുടെ ആരോഗ്യനില കൂടുതൽ വഷളായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ഉടനടി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. നിലവിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ രോഗിക്ക് അടിയന്തര ചികിത്സ നിഷേധിച്ചതിന് പുറമേ, ജീവനക്കാരി രോഗിക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു. ക്രൂരമായ ഈ സംഭവത്തിൽ ആശുപത്രി അധികൃതർക്കും ജീവനക്കാർക്കുമെതിരെ നാട്ടുകാരുടെയും രോഗികളുടെയും ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

article-image

dssd

You might also like

  • Lulu Exchange
  • Straight Forward

Most Viewed