'തെരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നു, ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല': വെള്ളാപ്പള്ളി നടേശൻ
ഷീബ വിജയൻ
തനിക്കെതിരെ ഉയരുന്ന നിരന്തരമായ വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങൾക്കും ശക്തമായ മറുപടിയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. തന്നെ ചിലർ ബോധപൂർവ്വം തെരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം വിമർശനങ്ങൾ തനിക്ക് ഒട്ടും പുത്തരിയല്ല, എന്നാല്‍ എസ്എൻഡിപി എന്ന സംഘടനയ്ക്കെതിരായ വാളോങ്ങലുകൾക്ക് മുന്നിൽ മൗനം പാലിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ ചില യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞതാണ് താൻ ചെയ്ത തെറ്റെന്നും അത്തരം ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടാൻ താനില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'യോഗനാദം' മാസികയിലെ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി നടേശന്‍റെ ഈ കടുത്ത പ്രതികരണം.
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ മുന്നണികൾ മുസ്‌ലിം ലീഗ് എന്ന വർഗീയ സംഘടനയെ അനാവശ്യമായി താലോലിക്കുകയാണെന്നും ലീഗ് എക്കാലത്തും ചിന്തിക്കുന്നത് വർഗീയമായി മാത്രമാണെന്നും വെള്ളാപ്പള്ളി എഡിറ്റോറിയലിൽ ആരോപിച്ചു. സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെയും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും കൃത്യമായി പരിശോധിച്ചാൽ ഈ പറയുന്ന കാര്യങ്ങൾ ആർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നേക്കാൾ നന്നായി പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങളും വിഷമതകളും മനസ്സിലാക്കിയ മറ്റൊരാൾ നിലവിലുണ്ടോ എന്ന് സംശയമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
തനിക്കെതിരെ ഉയർന്ന വോട്ടർ പട്ടിക കേസ്, തെരഞ്ഞെടുപ്പ് കേസ്, മൈക്രോ ഫിനാൻസ് കേസ്, കമ്പനി നിയമക്കേസ്, എസ്എൻ ട്രസ്റ്റ് കേസ്, കെ.കെ മഹേശൻ ആത്മഹത്യ കേസ് തുടങ്ങി ഒരു കേസിലും ഇതുവരെ തനിക്കെതിരെ വിധി വന്നിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. കോടിക്കണക്കിന് രൂപ ചെലവഴിച്ച് എസ്എന്‍ഡിപി യോഗം നിരവധി കേസുകൾ നടത്തുന്നുണ്ടെങ്കിലും ഒരു കോടതിയിൽ നിന്നും തനിക്കെതിരെ പ്രതികൂലമായ നിലപാട് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങൾ തന്നെ വ്യക്തിപരമായി വേട്ടയാടുകയാണ്. കോടതികളിൽ കേസ് തോൽക്കുമ്പോൾ ഇക്കൂട്ടർ വഴിയിൽ മൈക്ക് കെട്ടി ആക്ഷേപിച്ച് ജയിക്കാൻ ശ്രമിക്കുകയാണെന്നും, ചില ദൃശ്യമാധ്യമങ്ങൾ ഇതിനെ ഒരു അജണ്ടയാക്കി മാറ്റിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കോട്ടും ടൈയും കെട്ടി ചിലർ നടത്തുന്ന അന്തി ചർച്ചകൾ കണ്ട് സമുദായാംഗങ്ങൾ ചിരിക്കുകയാണ്. ചാനൽ മുതലാളിമാരുടെ എതിരാളികളെ വിചാരണ ചെയ്യുന്നതാണോ മാധ്യമധർമ്മമെന്ന് ചോദിച്ച വെള്ളാപ്പള്ളി, ഇത്തരം അധമ മാധ്യമപ്രവർത്തനത്തിന് മുന്നിൽ താൻ ഒരിക്കലും മുട്ടുമടക്കില്ലെന്നും എഡിറ്റോറിയലിലൂടെ വ്യക്തമാക്കി.
asdswdswasaw

