'കൺമുന്നിൽ ക്രൂരത നടന്നിട്ടും ചൈൽഡ് പ്രൊട്ടക്ഷൻ എന്തുചെയ്തു?'; ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ ആഞ്ഞടിച്ച് ഹൈക്കോടതി


ഷീബ വിജയൻ

നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിത് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കുഞ്ഞിന് നേരെ നടക്കുന്ന ക്രൂരതകളെക്കുറിച്ച് കുട്ടിയുടെ മുത്തശ്ശി മുൻകൂട്ടി പരാതി നൽകിയിട്ടും അധികൃതർ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി ഗൗരവത്തോടെ ചോദിച്ചു. കേസിൽ വനിതാ ശിശുക്ഷേമ വകുപ്പിനെ കക്ഷി ചേർത്ത ഹൈക്കോടതി, സംഭവത്തെക്കുറിച്ച് ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥന് കർശന നിർദേശം നൽകി. അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് സീൽ ചെയ്ത കവറിലാണ് സമർപ്പിക്കേണ്ടത്.

കുഞ്ഞിനെ അമ്മ അഖിലയും രണ്ടാനച്ഛൻ അഷ്കറും ചേർന്ന് നിരന്തരം പീഡിപ്പിക്കുന്ന വിവരം മുത്തശ്ശി റീന ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ വിളിച്ച് അറിയിച്ചിരുന്നു. കൊലപാതകം നടക്കുന്നതിന് ആഴ്ചകൾക്ക് മുൻപ്, മേയ് മൂന്നിനാണ് കുട്ടിയുടെ രണ്ടു കൈകളും ഒടിഞ്ഞ നിലയിലുള്ള ഫോട്ടോ സഹിതം മുത്തശ്ശി സഹായം തേടിയത്. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന താത്കാലിക ജീവനക്കാരൻ ഈ പരാതിയെ നിസാരമായി തള്ളിക്കളയുകയായിരുന്നു. തുടർന്ന് മേയ് 23-നാണ് മർദ്ദനത്തെ തുടർന്ന് കുഞ്ഞ് മരണപ്പെടുന്നത്. വിവരമറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന ഈ ജീവനക്കാരനെ പിന്നീട് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.

കേസ് രജിസ്റ്റർ ചെയ്യുന്നതിലും നടപടികൾ സ്വീകരിക്കുന്നതിലും അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കോടതിയുടെ പ്രാഥമിക കണ്ടെത്തൽ. കൊല്ലപ്പെട്ട കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നതായും വാരിയെല്ലുകൾ തകർന്നതായും കണ്ടെത്തിയിരുന്നു. കുഞ്ഞ് നിരന്തരം കരയുന്നത് പ്രകോപനമായെന്നും ഭാവിയിൽ കുട്ടി തനിക്കൊരു ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നുമാണ് പ്രതി അഷ്കർ പൊലീസിന് നൽകിയ മൊഴി. കൊലപാതകത്തിന് മുൻപുള്ള ദിവസങ്ങളിലും കുട്ടി ക്രൂരമായ ശാരീരിക പീഡനങ്ങൾ അനുഭവിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

article-image

saadsadsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed